കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി തമിഴ്‌നാട്ടിലെ യൂട്യൂബ് ഫുഡ് ചാനലായ വില്ലേജ് കുക്കിങ് പ്രവർത്തകർക്കൊപ്പം ചേർന്നപ്പോൾ സംഘത്തിന് ഒപ്പം കൂൺ ബിരിയാണി ആസ്വദിക്കുകയും ചില ചേരുവകൾ ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഒരു ദിവസത്തിനുള്ളിൽ 22 ലക്ഷത്തിലേറെ പേരാണ് കണ്ടത്.നീല ടി ഷർട്ടും പാന്റും ധരിച്ചാണ് രാഹുൽ സംഘത്തിനൊപ്പം ചേർന്നത്. അപ്പോഴേക്കും ഇവർ കൂൺ ബിരിയാണി തയ്യാറാക്കിയിരുന്നു. എത്തിയ ശേഷം ഉള്ളിയും തൈരും ഉപ്പും കൂട്ടി ബിരിയാണിക്ക് ഒപ്പം കഴിക്കാനുള്ള സൈഡ് ഡിഷ് ഉണ്ടാക്കിയത് രാഹുലാണ്.
പിന്നീട് നിലത്തു വിരിച്ച പായയിൽ ഇരുന്ന് ഗ്രാമീണർക്കൊപ്പം ഭക്ഷണം കഴിച്ചു. കൂടെ കുശലം പറച്ചിലും. ലോകത്തെല്ലായിടത്തും പോയി ഭക്ഷണം വയ്ക്കുകയാണ് ലക്ഷ്യമെന്ന് സംഘം രാഹുലിനോട് പറഞ്ഞു. യുഎസിൽ സാം പിട്രോഡയോട് പറഞ്ഞ് അതിനൊരു വഴിയുണ്ടാക്കാം എന്ന് രാഹുൽ സംഘത്തിന് വാഗ്ദാനം നൽകുകയും ചെയ്തു.7.15 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഫുഡ് യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിങ് ചാനൽ. രാഹുലിന്റെ വീഡിയോ ഒരു മണിക്കൂറിന് അകം നാലര ലക്ഷത്തിലേറെ പേരാണ് കണ്ടത്. ശനിയാഴ്ച രാവിലെ ഒമ്പതു മണി വരെ 22 ലക്ഷത്തിലധികം പേർ വീഡിയോ കണ്ടിട്ടുണ്ട്.