പൊഴിയുന്ന മഞ്ഞിൽ പ്രണയബദ്ധരായി പ്രഭാസും പൂജയും !

പ്രഭാസ് നായകനാവുന്ന പുതു ചിത്രം രാധേശ്യാമിന്റെ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ശിവപാർവ്വതിമാരുടെ അസുലഭ പ്രണയത്തിനോടുള്ള ആദര സൂചകമായാണ് ശിവരാത്രിയുടെ അന്ന് അണിയറ പ്രവർത്തകർ ഔദ്യോഗിക പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം തന്നെ പ്രഭാസിന്റെ ആരാധകരും സിനിമാപ്രേമികളും ഏറ്റെടുത്തു കഴിഞ്ഞു. പൂജ ഹെഡ്ഗെയാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത് .

പൊഴിയുന്ന മഞ്ഞിൽ ഇരുവരും പ്രണയബദ്ധരായി കിടക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്.പോസ്റ്ററിൽ ഉള്ള ഈ മനോഹരമായ പശ്ചാത്തലം റോമിലേതാണ്. റോമിലെയും ഇറ്റലിയിലെയും മനോഹരമായ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്ന ചിത്രം റൊമാന്റിക് ഡ്രാമ തലത്തിലാണ് അണിയിച്ചൊരുക്കുന്നത്. അണിയറ പ്രവർത്തകർ കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ പുറത്ത് വിട്ട ടീസറും, നേരത്തെ ഇറങ്ങിയ മോഷൻ പോസ്റ്ററുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു.

പ്രഭാസ് റൊമാന്റിക് ഹീറോ പരിവേഷത്തിലേക്ക് ചേക്കേറുന്നത് ഏകദേശം ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് എന്നത് ചിത്രത്തിന്റെ ആകർഷണമാണ്. പ്രേക്ഷകരുടെ പ്രതീക്ഷകൾ ഊട്ടി ഉറപ്പിക്കുന്ന തരത്തിൽ ഉള്ള പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രം ജൂലൈ 30ന് തീയറ്ററുകളിൽ എത്തും. ബഹുഭാഷാ ചിത്രമായ രാധേശ്യാം ,രാധാകൃഷ്ണ കുമാറാണ് സംവിധാനം ചെയ്യുന്നത്. നിർമ്മാണം നിർവഹിച്ചിരിക്കുന്നത് യുവി ക്രീയേഷൻസിന്റെ ബാനറിൽ വംശിയും പ്രമോദും ചേർന്നാണ്.

Related posts