അല്ലു അര്‍ജുനും രശ്മിക മന്ദാനയും ഫഹദും ഒന്നിക്കുന്ന പുഷ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ ട്രെൻഡിംഗ് ആയിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിൽ അല്ലു അഭിനയിക്കുന്നത് ഉള്‍ക്കാടുകളിൽ ചന്ദനക്കൊള്ള നടത്തുന്ന കള്ളക്കടത്തുകാരന്‍ പുഷ്പരാജായാണ്. ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന ഈ ചിത്രം ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.
അല്ലുവിനേയും നായിക രശ്മികയേയും ടീസറിൽ കാണാം. പക്ഷേ ഫഹദിന്‍റെ ലുക്ക് പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ സൗണ്ട് ഡിസൈൻ നിര്‍വ്വഹിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
മിര്‍സ്ലോ കുബ ബ്രോസെക് ഛായാഗ്രഹണവും കര്‍തിര ശ്രീനിവാസ് ആര്‍ എഡിറ്റിങും ചന്ദ്രബോസ് ഗാനരചനയും എസ് രാമകൃഷ്ണ കലാസംവിധാനവും റാം ലക്ഷ്മണും പീറ്റര്‍ ഹെയ്നും സംഘട്ടനവും ദീപാലി നൂര്‍ കോസ്റ്റ്യൂമും നാനി ഭാരതി മേക്കപ്പും നിര്‍വ്വഹിക്കുന്നു. ചിത്രം ഒരുങ്ങുന്നത് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ്.