സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജ്ജുൻ തെലുഗു സിനിമ പ്രേക്ഷകർക്ക് എന്ന പോലെ മലയാളികൾക്കും അത്രമേൽ പ്രിയപ്പെട്ട നടനാണ്. ആര്യ മുതൽ അങ്ങ് വൈകുണ്ഠപുരത്ത് വരെ മലയാളികൾ നെഞ്ചിലേറ്റിയ ചിത്രങ്ങളാണ്. അല്ലു അര്‍ജ്ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് പുഷ്പ. ചിത്രം ഇതിനോടകം തന്നെ വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. ചിത്രത്തില്‍ അഭിനയിക്കുന്നവരും, സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം തങ്ങളുടെ മേഖലയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയവരാണ്. അത് തന്നെയാണ് സിനിമയില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷയുണ്ടാക്കുന്നതും.
ചിത്രത്തില്‍ അല്ലുവിന്റെ വില്ലനായി ഫഹദ് ഫാസില്‍ അഭിനയിക്കുന്നു എന്നതാണ് പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നതും. ഐശ്വര്യ രാജേഷ് ഒരു പ്രധാന വേഷത്തില്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. പൂജ ഹെജ്‌ഡെ നായികയായെത്തുന്ന ചിത്രത്തില്‍ അല്ലുവിന്റെ സഹോദരിയായി ഐശ്വര്യ അഭിനയിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വെല്ലുവിളിയുള്ള ഏത് കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്ന ഐശ്വര്യയ്ക്ക് നായിക വേഷം തന്നെ വേണം എന്ന് ഒരു നിര്‍ബന്ധവുമില്ല. അതേ സമയം ടൈപ് കാസ്റ്റ് ചെയ്യുന്നതിനോട് നടിയ്ക്ക് യോജിക്കാന്‍ കഴിയില്ല. മുൻപ് നമ്മ വീട്ട് പിള്ളൈ എന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ സഹോദരിയായി ഐശ്വര്യ അഭിനയിച്ചിരുന്നു.
തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരുപിടി നല്ല വേഷങ്ങള്‍ ചെയ്ത ഐശ്വര്യ നിലവില്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കില്‍ അഭിനയിക്കുന്ന തിരക്കിലാണ്. അതേ സമയം പുഷ്പയുടെ ചിത്രീകരണം തെലങ്കാനയിലെ വികര്‍ബാദ് കാട്ടില്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫഹദ് ഫാസില്‍ ടീമിനൊപ്പം ചേര്‍ന്നത്.