മലയാള സിനിമയിൽ മികച്ച ചിത്രങ്ങൾ നൽകിയ നിരവധി കൂട്ടുകെട്ടുകൾ ഉണ്ട്. അതിൽ മലയാളത്തിലെ ഏക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടാണ് റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെത്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇവരുടെ കൂട്ടുകെട്ടിൽ പുറത്തുവന്നത്. ഇവരുടെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു ദിലീപ് നായകനായി എത്തിയ പഞ്ചാബി ഹൗസ്. റാഫി മെക്കാര്‍ട്ടിന്‍ ആയിരുന്നു ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രമായ ഉണ്ണിയെ രൂപപ്പെടുത്തിയ സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് റാഫി.
ഒരു ട്രെയിന്‍ യാത്രക്കിടെ ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഭക്ഷണം വാങ്ങി കഴിക്കുകയായിരുന്നു താന്‍. പക്ഷേ കഴിക്കാന്‍ തുടങ്ങും മുമ്പ് അത് കേടാണെന്നു മനസ്സിലായതോടെ ഭക്ഷണം കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു. അപ്പോഴേക്കും പെട്ടെന്ന് ഒരു കുട്ടി പാഞ്ഞ് വന്ന് ആ ഭക്ഷണ പൊതി എടുത്തു കഴിക്കാനൊരുങ്ങി. താനത് വിലക്കി, ഭക്ഷണം വാങ്ങാന്‍ പൈസയും കൊടുത്തു.സ്‌കൂള്‍ യൂണിഫോം ആയിരുന്നു ആ കുട്ടി ഇട്ടിരുന്നത്. മുഖം കണ്ടപ്പോള്‍ മലയാളിയാണോയെന്ന് സംശയിച്ചെന്നും റാഫി പറയുന്നു.
ഇനി കേരളത്തില്‍ നിന്നെങ്ങാനും അവന്‍ നാടുവിട്ടുവന്നതാണോ എന്നറിയാനായി വെറുതെ താന്‍ പേര് ചോദിച്ചു. പക്ഷേ പെട്ടെന്ന് അവന്‍ തനിക്ക് കേള്‍ക്കാനും സംസാരിക്കാനും കഴിയില്ല എന്ന് ആംഗ്യം കാണിക്കുന്നതാണ് കണ്ടത്. പക്ഷേ അവന്റെ കണ്ണുകളില്‍ എന്തോ മറച്ചുപിടിക്കുന്നതായി തനിക്ക് തോന്നി. അപ്പോഴേക്കും ട്രെയിന്‍ വിട്ടതും അവന്‍ ചാടി ഇറങ്ങുകയായിരുന്നു.ഇനിയെങ്ങാനും താന്‍ ആരാണെന്ന് പറയാതിരിക്കാനായി അവന്‍ ഊമയായി അഭിനയിച്ചതാണോ എന്ന തോന്നലായിരുന്നു പിന്നെ മനസ്സു നിറയെ എന്നും റാഫി പറഞ്ഞു. ഇതാണ് പഞ്ചാബി ഹൗസിലെ ഉണ്ണിയെ രൂപപ്പെടുത്താനുണ്ടായിരുന്ന ത്രെഡ് എന്നും റാഫി പറഞ്ഞു. ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ലാല്‍, ജനാര്‍ദ്ദനന്‍, ജോമോള്‍, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഹരിശ്രീ അശോകന്റെ രമണന്‍ എന്ന കഥാപാത്രം എക്കാലത്തെയും ഹിറ്റ് കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു.