ജമ്മു കശ്മീരിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ‘കറുത്ത ദിനമായാണ് ഇത് അടയാളപ്പെടുത്തുന്നത്.ഐഇഡി നിറച്ച വാഹനം സുരക്ഷാ കോൺവോയിയിലേക്ക് ചാവേർ ആക്രമണം നടത്തുകയായിരുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന 2,500 ഓളം ഉദ്യോഗസ്ഥർ സഞ്ചരിച്ച 78 ബസുകളാണ് കോൺവോയിയിൽ ഉണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് 3: 15 ഓടെ അവന്തിപോറയ്ക്ക് സമീപം നടന്ന ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ മരണപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദിവസങ്ങൾക്ക് ശേഷം പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 22 കാരനായ ചാവേർ ബോംബർ ആദിൽ അഹ്മദ് ദാർ സ്ഫോടകവസ്തു നിറച്ച വാഹനം ബസ്സിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഒരു വർഷം മുമ്പ് ഗ്രൂപ്പിൽ ചേർന്ന കകപ്പോറയിൽ നിന്നുള്ള അദിലിന്റെ വീഡിയോയും ജെഇഎം പുറത്തുവിട്ടിരുന്നു.
ഇതിന് തിരിച്ചടിയായി ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പുൽവാമയിലെ രക്തസാക്ഷിത്വം വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കും.