പ്രിയങ്ക നായര്‍ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് . മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ടിവി ചന്ദ്രന്റെ സംവിധാനത്തിൽ പുറത്തുവന്ന വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും പ്രിയങ്കയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണിപ്പോള്‍ പ്രിയങ്ക. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമ ജീവിതത്തെ കുറിച്ചും പുതിയ ചിത്രങ്ങളെ കുറിച്ചും നടി മനസ് തുറന്നത്.
പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ, ഞാന്‍ വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. എനിക്ക് കംഫര്‍ട്ടബിളായിട്ടുള്ള ഗ്രൂപ്പിന്റെ കൂടെ, എനിക്ക് ഇഷ്ടമുള്ള സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷെ, ചില സൗഹൃദങ്ങള്‍ക്കു വേണ്ടി മുന്‍പ് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. അത് പിന്നീട് ചിന്തിക്കുമ്പോള്‍ എന്റെ കരിയറിന് അത്ര നല്ലതായി തോന്നിയിട്ടില്ല. ഇപ്പോള്‍ അങ്ങനെയുള്ള ശ്രമങ്ങളില്ല. ചിലപ്പോള്‍ തോന്നും ഇങ്ങനെയുള്ള സിനിമകള്‍ ഒഴിവാക്കാമായിരുന്നുവെന്ന്. എങ്ങനെയുള്ള സിനിമകള്‍ തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് നമ്മുടെ അറിവില്ലായ്മ കൂടി ഒരു ഘടകമായിരുന്നിരിക്കണം. ചിലപ്പോള്‍ സാമ്പത്തിക ഘടകം അനുകൂലമാണ്. ഞാന്‍ വേണ്ടെന്നു വെച്ച നിരവധി തമിഴ്, മലയാളം ചിത്രങ്ങളുണ്ടായിരുന്നു. വേണ്ടെന്നു വെച്ച സിനിമകളാണ് കൂടുതല്‍, അവയില്‍ പലതും ഹിറ്റുകളായി മാറിയ സിനിമകളുമായിരുന്നു. പക്ഷെ, അതിലെനിക്ക് വിഷമമില്ല, കാരണം ആ സിനിമകള്‍ എനിക്കു വിധിച്ചിട്ടുള്ളവ ആയിരുന്നില്ല. ചിലപ്പോള്‍ എന്നിലൂടെ, ഞാന്‍ കാരണം മറ്റുള്ളവരിലേക്ക് എത്തിയ ചിത്രമായിരിക്കണം അത്. അതില്‍ അഭിനയിച്ചവരെല്ലാം മറ്റ് ഭാഷകളിലെ മുന്‍നിര താരങ്ങളായി മാറിയ ചരിത്രവുമുണ്ട്. ആ സിനിമകള്‍ അവര്‍ക്കുള്ള സിനിമകളാണെന്നു തന്നെയാണ് എനിക്കു തോന്നുന്നത്.
സിനിമയില്‍ എനിക്ക് അര്‍ഹിച്ച അംഗീകാരം കിട്ടിയിട്ടില്ല എന്നു തോന്നിയിട്ടില്ല. ഇപ്പോഴും എന്റെ ആഗ്രഹത്തിനു വേണ്ടി പരിശ്രമിക്കുകയാണ്. ഓരോ വര്‍ഷം കൂടുന്തോറും പ്രായം മാത്രമല്ല, നമ്മുടെ പരിചയസമ്ബത്തും കൂടുകയാണ്. കഠിനാധ്വാനം കൊണ്ട് എന്റെ പരിശ്രമം കൂട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്കുള്ളത് എന്തായാലും എന്നിലേക്ക് വരും എന്ന ഉറച്ച വിശ്വാസമുണ്ട്. ഒരു കാര്യത്തിലും നെഗറ്റീവ് ആയി ചിന്തിക്കാന്‍ താത്പര്യമില്ല. ഏതൊരു സാഹചര്യത്തെയും പോസിറ്റീവായി കണ്ട് അതില്‍ നിന്ന് ഊര്‍ജ്ജം കണ്ടെത്തി മുന്നോട്ടു പോവുക എന്നതാണ് എന്റെ പോളിസി. എന്റെ പോരായ്മകള്‍ കണ്ടെത്തി കുറേക്കൂടി കഠിനാധ്വാനം ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. അതാണ് തുടരുന്നതും.’