സംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ്!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ ആണ് പ്രിയദർശൻ. മോഹൻലാൽ ആദ്യമായി നായകനായി അഭിനയിച്ച തിരനോട്ടം എന്ന ചിത്രം എഴുതിയത് പ്രിയദർശൻ ആയിരുന്നു. എന്നാൽ ഈ ചിത്രം റിലീസ് ആയിരുന്നില്ല. പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് താരം സംവിധായകനാകുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളാണ് താരം മലയാളികൾക്ക് സമ്മാനിച്ചത്. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്ത്‌ വന്ന ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവയാണ്.

ഇപ്പോഴിതാ പ്രിയദർശന്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചിരിക്കുകയാണ്. ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജിയാണ് പ്രിയദർശനെ ഡോക്‌ടറേറ്റ്‌ നൽകി ആദരിച്ചത്‌. ചലച്ചിത്ര മേഖലയിലെ അദ്ദേഹത്തിൻറെ വിശിഷ്‌ട സേവനങ്ങൾക്കാണ് ആദരം. ഡോക്‌ടറേറ്റ്‌ ലഭിച്ചതിൻറെ ദൃശ്യങ്ങൾ പ്രിയദർശൻറെ മകളും നടിയുമായ കല്യാണി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

 

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ മരയ്ക്കാർ : അറബിക്കടലിൻറെ സിംഹം ആണ് പ്രിയദർശൻറെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. 2021 ലെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമയ്‌ക്കുള്ള ദേശീയ അവാർഡ്‌ ‘മരക്കാർ’ സ്വന്തമാക്കിയിരുന്നു. മൂന്ന്‌ ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പടെ മൂന്ന്‌ സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. മരയ്ക്കാറിന് ശേഷം തമിഴ്‌ ചിത്രം അപ്പാത ആണ്‌ സംവിധായകൻറേതായി പുറത്തിറങ്ങാനിരിക്കുന്നത്‌. ഉർവ്വശി ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ‘മിഥുന’ത്തിന് ശേഷം ഉർവ്വശി അഭിനയിക്കുന്ന പ്രിയദർശൻ ചിത്രം കൂടിയാണിത്‌. അതേസമയം ‘അപ്പാത’യുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

Related posts