പ്രിയ പ്രകാശ് വാര്യര്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ തെലുഗു കന്നഡ ഹിന്ദി തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയാണ് താരം ഇപ്പോൾ. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് പ്രിയ വാര്യര്‍. പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളിലൂടെ പ്രിയ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ പ്രിയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. മുംബൈയിലെ ഒരു ഹോട്ടലില്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. ഹോട്ടലിന്റെ പേര് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രിയ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുമുണ്ട്. ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടി മുംബൈയിലെത്തിയ പ്രിയയ്ക്ക് താമസം ഒരുക്കിയിരുന്ന ഹോട്ടലില്‍ നിന്നാണ് മോശം അനുഭവം നേരിടേണ്ടി വന്നത്. പ്രിയ തന്റെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്. ‘എനിക്ക് ഒരു കാര്യം ചൂണ്ടിക്കാണിക്കണം എന്നു തോന്നി. ഫേണ്‍, ഗോറേഗാവ് ഹോട്ടലിന് ക്ലെവര്‍ ആയൊരു പോളിസി ഉണ്ട്. അവര്‍ താമസക്കാര്‍ക്ക് പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അതാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരില്‍ നിന്നും അഡീഷണല്‍ പണം ഈടാക്കാമല്ലോ.
അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് അഡീഷണല്‍ ചാര്‍ജ് നല്‍കേണ്ടതുണ്ട്. എനിക്ക് ഇവരുടെ ഈ പോളിസിയെക്കുറിച്ച് അറിയില്ലായിരുന്നു. കഴിഞ്ഞദിവസം ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. പ്രൊഡക്ഷന്‍ ടീം ആണ് ഈ ഹോട്ടല്‍ ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തത്. അതുകൊണ്ടുതന്നെ എനിക്ക് ഇവരുടെ ഈ പോളിസികള്‍ ഒന്നും വായിച്ചു നോക്കാന്‍ പറ്റിയിരുന്നില്ല. ഇത്തവണത്തേക്ക് മാത്രം ക്ഷമിക്കുവാന്‍ ഞാനവരോട് അഭ്യര്‍ത്ഥിച്ചു പറഞ്ഞെങ്കിലും അവര്‍ അതിന് കൂട്ടാക്കിയില്ല. ഭക്ഷണം പണം നല്‍കി വാങ്ങിയതാണ് എന്നും അത് കളയുവാന്‍ പറ്റില്ല എന്നും അവരോട് പറഞ്ഞു. ഒന്നുകില്‍ ഭക്ഷണം കളയുക, അല്ലെങ്കില്‍ പുറത്തുനിന്നും കഴിച്ചിട്ടു വരിക എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. അതിനെ ചൊല്ലി അവര്‍ അവിടെ വലിയ ഒരു സീന്‍ തന്നെ ഉണ്ടാക്കി. ഞാന്‍ പറയുന്നത് ഒന്നും തന്നെ അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയതേയില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു നേരിടേണ്ടി വന്നത്. അവസാനം എനിക്ക് പുറത്തിരുന്നു തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു.