മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിൽ നടന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിയും സുപ്രിയയും ലൊക്കേഷനിലെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് പൃഥ്വി പങ്കുവെച്ച ഒരു ചിത്രമാണ്. ഷൂട്ടിനിടയിൽ നിന്നുള്ള ഒരു ചിത്രമാണ് താരം ആരാധകരുമായി പങ്കുവെച്ചത്.
ഫ്ളോറൽ പ്രിന്റ് ഷർട്ട് അണിഞ്ഞ പൃഥ്വിയാണ് ചിത്രത്തിൽ ഉള്ളത്. “പൂക്കളർ ഷർട്ട് ഇട്ട സംവിധായകൻ!,” എന്നാണ് പൃഥ്വി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിന് നൽകുന്നത്. ഡയറക്ടർ പുഷ്പരാജ്, ഓണത്തിനിടാൻ വാങ്ങിയ പുതിയ ഷർട്ടാണോ, ഓണം പ്രമാണിച്ചു എല്ലാവരും പൂക്കളുള്ള ഷർട്ടാണല്ലോ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോഴും സിനിമാഷൂട്ടിംഗിന് സർക്കാർ അനുവാദം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം തെലുങ്കാനയിലേക്ക് മാറ്റിയത്. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രമാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.