ആ പ്രോജെക്ട് ഉടനെ ഉണ്ടാവും: മമ്മൂട്ടിയുടെ ആരാധകർക്ക് സന്തോഷവാർത്തയുമായി മുരളി ഗോപി!

ഒറ്റച്ചിത്രം കൊണ്ട് തന്റെ സംവിധാന മികവ് തെളിയിച്ച ആളാണ് പൃഥ്വിരാജ്. പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുക്കിയ ലൂസിഫർ റെക്കോർഡ് പ്രതികരണമാണ് ബോക്സ് ഓഫീസിൽ നേടിയെടുത്തത്. മലയാളം ബോക്സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമായി ഇത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്റെ പ്രഖ്യാപനം പിന്നാലെ നടന്നു. പക്ഷെ എന്നെങ്കിലും മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ് മുരളി ഗോപി ടീം ഒരു ചിത്രം ഒരുക്കുമോ എന്ന ഒരു ചോദ്യം സിനിമാപ്രേമികളുടെ മനസിൽ ഉണ്ടായിരുന്നു.

എന്നാൽ മുരളി ഗോപി അക്കാര്യത്തിൽ ഉറപ്പ് നൽകുകയാണ് ഇപ്പോൾ. ഇതു സംബന്ധിച്ച ചോദ്യത്തിന് മുരളി ഗോപി മറുപടി നൽകിയത് റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ്. തീർച്ഛയായും അത് ആലോചനയിലുള്ള സിനിമയാണ്. ഞങ്ങൾ അത് പ്ലാൻ ചെയ്തിട്ടുണ്ട്. അത് മമ്മൂട്ടി എന്ന നടനും മെഗാസ്റ്റാറിനുമുള്ള ട്രിബൂട്ട് ആയിരിക്കും. നേരത്തെ കമ്മിറ്റ് ചെയ്തിട്ടുള്ള പ്രോജക്ടുകൾ കഴിഞ്ഞിട്ട് ചെയ്യാം എന്നാണ് പ്ലാൻ എന്നും മുരളി ഗോപി വ്യക്തമാക്കി.

മമ്മൂക്ക അടക്കമുള്ളവർ പ്രചോദനങ്ങളാണ്. എനിക്ക് ഒരു പാട്രിയാർക്കിയൽ ഫീലുള്ള ആളാണ് അദ്ദേഹം. പഴയ പുതിയ കാലങ്ങളുടെ ഒരു യഥാർഥ സങ്കലനം ഉള്ള ആളാണെന്നും തോന്നിയിട്ടുണ്ട്. വളരെ നാടനായ ഒരു മനുഷ്യനെയും അദ്ദേഹത്തിൽ കാണാൻ പറ്റും. എനിക്ക് അച്ഛന്റെ അടുത്തിരിക്കുന്നതുപോലെയുള്ള ഒരു ഫീൽ ആണ്. അദ്ദേഹത്തിന്റെ മനസിൽ നമ്മളോടുള്ള സ്നേഹം നമുക്ക് ഫീൽ ചെയ്യാൻ പറ്റും. പക്ഷേ അത് പ്രകടിപ്പിക്കുന്ന രീതി വേറെ ആയിരിക്കും. എനിക്ക് വളരെ ഇഷ്ടവും ബഹുമാനവുമുള്ള ഒരാളാണ് മമ്മൂട്ടി സാർ, മുരളി ഗോപി അഭിപ്രായപ്പെട്ടു. അതേസമയം നവാഗതനായ ഷിബു ബഷീർ സംവിധാനം ചെയ്ത് മുരളി ഗോപിയുടെ തിരക്കഥയിൽ മമ്മൂട്ടി നായകനാവുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രം ഒരുങ്ങുക ബിഗ് ബജറ്റിലാവും.

Related posts