ലൂസിഫറിൻ്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം സിനിമാ പ്രേമികളെ ആവേശം കൊള്ളിച്ച ഒന്നാണ്. എമ്പുരാൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തും നടനും ഒന്നിച്ചിരുന്ന് പത്രസമ്മേളനം വിളിച്ചുകൂട്ടിയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മലയാളക്കരയൊന്നാകെ സ്റ്റീഫൻ നെടുമ്പള്ളിയുടെ വീരകഥകൾ അറിയാനുള്ള മലയാളി പ്രേക്ഷകരുടെ ആവേശത്തിന് സാക്ഷ്യം വഹിച്ചിരുന്നു. എമ്പുരാൻ എന്ന ചിത്രം നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി രണ്ടാമത് സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ്.
എമ്പുരാൻ ഒരുങ്ങുന്നത് ആദ്യ ചിത്രമായ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം ചിത്രത്തിൻ്റെ രണ്ടാം ഭാഗമായാണ്. പൃഥ്വി ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തനങ്ങൾ മുന്നേറുന്നതിൻ്റെ ഓരോ ഘട്ടവും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ മുരളി ഗോപി ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളുണ്ടാകുമെന്നും ഇതൊരു സീരീസ് ആയാണ് ഒരുക്കുന്നതെന്നും നേരത്തേ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളത്തിൻ്റെ അഭിമാനമായി മാറിയ ലൂസിഫർ തീയേറ്ററുകളിലേക്കെത്തിയിട്ട് ഇന്നിപ്പോൾ രണ്ട് വർഷങ്ങൾ തികയുകയാണ്. പൃഥ്വിരാജ് ഈ സന്തോഷം പങ്കുവെച്ച് എമ്പുരാനെ കുറിച്ചുള്ള വിവരം കൂടി പുറത്ത് വിട്ടിട്ടുണ്ട്. ഇത് ലൂസിഫറിൻ്റെ രണ്ടാം വർഷമാണെന്നും ഒരു വർഷത്തിനകം എമ്പുരാനെത്തുമെന്നും പൃഥ്വിരാജ് അറിയിച്ചിരിക്കുകയാണ്. പൃഥ്വി ഈ പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത് തൻ്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു.
ലൂസിഫർ മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ് കയറിയ സിനിമ കൂടിയായിരുന്നു. ചിത്രം 150 കോടി ക്ലബ്ബിലേക്ക് എത്തിയത് കേവലം 21 ദിവസം കൊണ്ടായിരുന്നു. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മുന്നണിയിലും പിന്നണിയിലും സമ്പൂർണ്ണ താരത്തിളക്കവുമായാണ് എത്തിയത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളുടെയും തിരക്കഥ എഴുതിയത്.