ജനതയുടെ ശബ്‍ദം നിങ്ങള്‍ കേള്‍ക്കേണ്ടതുണ്ട്! ലക്ഷദ്വീപ് പ്രശ്നത്തിൽ പ്രതികരിച്ച് പ്രിത്വിരാജ്.

നടൻ പൃഥ്വിരാജ് മലയാളികൾക്ക് വളരെ പ്രിയങ്കരനാണ്. നടനായി കഴിവ് തെളിയിച്ച് ഇപ്പോൾ സംവിധാനത്തിലെ മികവും അദ്ദേഹം പ്രകടമാക്കിക്കഴിഞ്ഞു. ഇപ്പോൾ വൈറലാകുന്നത് പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റാണ്. ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റര്‍ നടത്തുന്ന ഭരണപരിഷ്കാരങ്ങളിൽ ജനങ്ങൾ അതൃപ്തരാണെന്നും അവിടുത്തെ ജനങ്ങളുടെ ശബ്‍ദം കൂടി ഭരണകര്‍ത്താക്കള്‍ കേള്‍ക്കണമെന്നും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ആറാം ക്ലാസ്സിൽ പഠിക്കുമ്പോള്‍ നടത്തിയ ഒരു സ്കൂൾ വിനോദയാത്രയിൽ നിന്നാണ് ഈ മനോഹരമായ ചെറിയ ദ്വീപുകളെക്കുറിച്ചുള്ള എന്‍റെ ആദ്യ ഓർമ്മകൾ. നീല നിറത്തിലുള്ള സ്ഫടിക വ്യക്തമായ സമുദ്രവും പവിഴപ്പുറ്റുകളും നിറഞ്ഞ ഓര്‍മ്മകള്‍. വർഷങ്ങൾക്കുശേഷം, സച്ചിയുടെ അനാർക്കലി സിനിമയുടെ ക്രൂവിനൊപ്പം ഭാഗമായി അവിടെയെത്തി. അന്ന് കവരത്തിയിൽ 2 മാസം ചെലവഴിച്ചു, ഒപ്പം ജീവിതകാലം മുഴുവനുമുള്ള ഓർമ്മകളും സൗഹൃദങ്ങളും. രണ്ട് വർഷം മുമ്പ് ഞാൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്‍റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വൻസിന്‍റെ ചിത്രീകരണത്തിനായും പോയിരുന്നു.

prithviraj.

ലക്ഷദ്വീപിലെ മനോഹരമായ ഊഷ്മള ഹൃദയമുള്ള ആളുകൾ ഇല്ലെങ്കിൽ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല. കുറച്ച് ദിവസങ്ങളായി അവിടെയുള്ള സുഹൃത്തുക്കളിൽ നിന്ന് നിരാശജനകമായ സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ നടക്കുന്ന ചില മോശം കാര്യങ്ങള്‍ പൊതു സമൂഹത്തിന് മുമ്പിൽ കൊണ്ടുവരണമെന്നാണ് അവര്‍ പറയുന്നത്. നിയമങ്ങളും പരിഷ്‌കരണങ്ങളും നടപ്പിലാക്കുന്നത് ഒരു പ്രദേശത്തിന് വേണ്ടി മാത്രമല്ല അവിടുത്തെ ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണ്. രാഷ്ട്രീയമോ ഭൂമിശാസ്ത്രമോ ആയ അതിര്‍ വരമ്പുകളല്ല ഒരു രാജ്യത്തെയോ, സംസ്ഥാനത്തെയോ, കേന്ദ്ര ഭരണ പ്രദേശത്തയോ തീര്‍ക്കുന്നത്, അത് ഉറപ്പായും അവിടെ വസിക്കുന്ന ജനങ്ങള്‍ തന്നെയാണ്. ഏറെ സമാധാനപരമായി നൂറ്റാണ്ടുകളായി അവര്‍ പിന്തുടരുന്ന ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് പുരോഗമനത്തിനായാണെന്ന് എങ്ങനെ പറയാനാവും. ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ഈ ദ്വീപിന്‍റെ ആവാസവ്യവസ്ഥയുടെ സന്തുലനാവസ്ഥയെ തകര്‍ക്കുന്നത് സുസ്ഥിര വികസനത്തിന് വഴിയൊരുക്കുന്നതെങ്ങനെയാണ്.

ലക്ഷദ്വീപ് ജനതയുടെ ശബ്‍ദം നിങ്ങള്‍ കേള്‍ക്കേണ്ടതുണ്ട്. എനിക്ക് നമ്മുടെ സിസ്റ്റത്തില്‍ ഏറെ വിശ്വാസമുണ്ട്. അതിലേറെ വിശ്വാസം ജനങ്ങളിലുമുണ്ട്. അവിടെ നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു ഭരണാധികാരി എടുക്കുന്ന തീരുമാനം മൂലം ഒരു സമൂഹം മുഴുവന്‍ അസംതൃപ്തരായിരിക്കുമ്പോള്‍ അവിടെ വസിക്കുന്ന ജനങ്ങള്‍ക്ക് അവിടെ നടപ്പിലാക്കുന്ന തീരുമാനങ്ങളിൽ ഒരു ശബ‍്ദവുമില്ലാതിരിക്കുമ്പോള്‍ അവരത് ലോകത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. അവിടെ വസിക്കുന്ന അവര്‍ക്കാണ് അവരുടെ ഭൂമിക്ക് എന്താണ് വേണ്ടത് എന്ന് ഏറ്റവും നന്നായി അറിയാനാകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്, അതിലും മനോഹരമായ ജനതയാണ് അവിടെയുള്ളവര്‍ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്.

Related posts