കേസും കോടതിയുമൊക്കെ കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം കടുവയുടെ ചിത്രീകരണം ആരംഭിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ മാസ് ചിത്രമെന്ന ലേബലോടെ തന്നെയാണ് പൃഥ്വിരാജിന്റെ കടുവ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച വിവരം പൃഥ്വിരാജ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്. അവര്‍ക്ക് ഒരു സംഘട്ടനം വേണമായിരുന്നു, ഒരു യുദ്ധം തന്നെ നൽകി. എന്ന ടാഗോടുകൂടിയുള്ള പോസ്റ്ററിന് ഒപ്പമാണ് പൃഥ്വിരാജ് ഷൂട്ടിങ് ആരംഭിച്ച കാര്യം പങ്കുവച്ചത്. നേരത്തെ റിലീസ് ചെയ്ത പോസ്റ്ററിലെ മാസ് ലുക്ക് ഈ പോസ്റ്ററിലും പൃഥ്വിയ്ക്കുണ്ട് എന്നത് ആകര്‍ഷണം തന്നെയാണ്.
പൃഥ്വിരാജിനും ഷാജി കൈലാസിനുമൊപ്പം ഒരു സിനിമ ചെയ്യുന്നതിന്റെ സന്തോഷം ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജാക്‌സ് ബിജോയിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. മാസ് ചിത്രം എന്നാണ് ബിജോയ്യും കടുവയെ വിശേഷിപ്പിയ്ക്കുന്നത്. പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച, സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിനും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ജാക്‌സ് ബിജോയ് ആണ്. ജിനു എബ്രഹാം ആണ് കടുവയ്ക്ക് വേണ്ടി തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് സുകുമാരന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ചിത്രത്തിന്റെ പേരിൽ മുൻപ് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം അവസാനിച്ചു ഷൂട്ട് തുടങ്ങിയ ആവേശത്തിലാണ് ആരാധകരും.