ആമസോൺ പ്രൈമിലൂടെ കഴിഞ്ഞ ദിവസമാണ് ഹൊറര്‍ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രമായ കോള്‍ഡ് കേസ് പ്രേക്ഷകരിലേക്കെത്തിയത്. തനു ബാലക് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും അദിതി ബാലനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നല്ലൊരു ത്രില്ലെർ ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇപ്പോഴിതാ സിനിമയുടെ ക്ലൈമാക്‌സും ട്വിസ്റ്റുകളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി ആമസോണ്‍ പ്രൈം പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലാണ് പൃഥ്വിരാജ് ഇത് പറഞ്ഞിരിക്കുന്നത്.
‘കുറ്റകൃത്യം, നിങ്ങള്‍ ഒരു കുറ്റകൃത്യം ചെയ്യുന്നത് വരെയോ മറ്റൊരാളുടെ കുറ്റകൃത്യത്തില്‍ നിങ്ങള്‍ ഭാഗമാകുന്നത് വരെയോ കുറ്റകൃത്യം എന്ന നാലക്ഷര വാക്കിന് നിങ്ങളുടെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല. നിഗൂഢമായ ഒരു ത്രില്ലര്‍ സിനിമ കണ്ടിട്ട്, മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് ആ സിനിമയുടെ ക്ലൈമാക്‌സോ മറ്റ് ട്വിസ്റ്റുകളോ വെളിപ്പെടുത്തുന്നത് ഒരു കുറ്റകൃത്യം തന്നെയാണ്, സംസാരിക്കും മുമ്പ് രണ്ട് വട്ടം ആലോചിക്കുക, മറ്റൊരാളുടെ കോള്‍ഡ് കേസ് ത്രിൽ നശിപ്പിക്കാതിരിക്കുക’ പൃഥ്വിരാജ് വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.
ജാഗ്രത, ഞാൻ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, രഹസ്യം വെളിപ്പെടുത്തരുത്, ആരാധകരും പ്രേക്ഷകരും ഈ ഈ കേസ് പരിഹരിക്കട്ടെ’ എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് വീഡിയോ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. എ.സി.പി.സത്യജിത്ത് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തിയിരിക്കുന്നത്. ശ്രീനാഥ് വി. നാഥ് ആണ് തിരക്കഥ. തമിഴിൽ ശ്രദ്ധ നേടിയ സിനിമയായ അരുവി ഫെയിം അദിതി ബാലനാണ് ചിത്രത്തിലെ നായിക. ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണുമാണ് ഛായാഗ്രഹണം. പ്രകാശ് അലക്‌സാണ് സംഗീതം. ആന്‍റെ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.