മലയാള സിനിമയിലെ സുഹൃത്ബന്ധങ്ങൾ എന്നും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. താരരാജാക്കന്മാരായ മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും സൗഹൃദം ആരാധകരെപോലും അത്ഭുതപ്പെടുത്തുന്നതാണ്. അങ്ങനെ നിരവധി സുഹൃത് ബന്ധങ്ങൾ നമ്മുടെ സിനിമയിൽ നിലനിൽക്കുന്നുണ്ട്. അത്പോലെ തന്നെ ദൃഢമായ സൗഹൃദമാണ് ബിജുമേനോന്റെയും പൃഥ്വിരാജിന്റേയും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങൾ എന്നും ഹിറ്റ്ചാർട്ടുകളിൽ ഇടം നേടിയിരുന്നു. അനാർക്കലി, അയ്യപ്പനും കോശിയും, തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരുടെയും അഭിനയം നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ് രണ്ടുപേരും. തനിക്ക് ഏറ്റവും കംഫര്‍ട്ടായ സഹഅഭിനേതാവാണ് ബിജു മേനോന്‍ എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഇപ്പോഴിതാ അഭിനയത്തിന് അപ്പുറം ബിജു മേനോന്‍ എന്ന മനുഷ്യനില്‍ തന്നെ ഏറ്റവും സ്വാധീനിച്ച ക്വാളിറ്റിയെപ്പറ്റി തുറന്നു പറയുകയാണ് പൃഥ്വിരാജ്.
ബിജു ചേട്ടനില്‍ എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള ക്വാളിറ്റി കണ്ടന്‍മെന്റാണ്. വളരെ ഫിലോസഫിക്കലായി സംസാരിക്കുകയാണെങ്കില്‍ ഒരു മനുഷ്യന്‍ എപ്പോഴും ആഗ്രഹിക്കുന്നതാണിത്. അതായത് നമ്മുടെ ലൈഫില്‍ ഉള്ള കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുകയെന്നത്. ഒരിക്കലും മനുഷ്യന് പൂര്‍ണ്ണമായും കൈവരിക്കാന്‍ സാധിക്കാത്ത ഒന്നാണത്. ഇപ്പോള്‍ നമുക്ക് ഒരു കാറുണ്ടെങ്കില്‍ കുറച്ചുകൂടി നല്ലൊരു കാര്‍ വേണമെന്ന് തോന്നും. നമ്മുടെ ഒരു സിനിമ ഹിറ്റായാല്‍ മറ്റേയാളുടെ അത്ര ഹിറ്റായില്ലല്ലോ എന്ന് തോന്നും. അങ്ങനെ എപ്പോഴും നമുക്കുള്ളതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ആഗ്രഹിച്ച് ആഗ്രഹിച്ച്, ഒരിക്കലും സംതൃപ്തിയാകാത്ത ജീവിതം ജീവിച്ച് മരിച്ചുപോകുന്നവരാണ് ഭൂരിഭാഗം ആള്‍ക്കാരും. നേരെ മറിച്ച് ബിജു ചേട്ടന്‍ ഭയങ്കര കണ്ടന്റാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു സെന്‍ ലൈക്ക് ക്വാളിറ്റിയാണ് അത്, പൃഥ്വിരാജ് പറയുന്നു.
ഇതേപ്പറ്റി എപ്പോഴെങ്കിലും ബിജു മേനോനോട് ചോദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് ചോദിച്ചാല്‍ ബിജു ചേട്ടനും ഉത്തരമുണ്ടാകില്ലെന്നും ആത്യന്തികമായി അദ്ദേഹം ഒരു ഹാപ്പി പേഴ്‌സണ്‍ ആണെന്നും പൃഥ്വിരാജ് പറഞ്ഞു. ബിജു ചേട്ടന്റെ ഉള്ളില്‍ സന്തോഷമുണ്ട്. അത് അദ്ദേഹത്തിന്റെ നന്മയില്‍ നിന്നും വരുന്നതാണ്. അതുകൊണ്ടു തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കോ-സ്റ്റാറിലൊരാള്‍ ബിജു മേനോന്‍ ആണ്. ചുറ്റിലുമുള്ള ആള്‍ക്കാര്‍ക്ക് ഭയങ്കര പോസീറ്റീവ്‌നെസ്സ് കൊടുക്കുന്നയാളാണ് അദ്ദേഹം. ബിജു ചേട്ടനോടൊപ്പം ഒരു 50 ദിവസമൊക്കെ ഒരുമിച്ച് കഴിഞ്ഞാല്‍ തോന്നും, ആ മനുഷ്യനൊക്കെ എന്ത് സന്തോഷമായിട്ടാണ് ജീവിക്കുന്നത്. നമുക്ക് എന്താ അങ്ങനെ പറ്റാത്തത് എന്നൊരു തോന്നല്‍ ഉണ്ടാകും, പൃഥ്വിരാജ് പറഞ്ഞു.