ആരാധകര്‍ക്ക് എന്നും കൗതുകമുള്ള ഒന്നാണ് സിനിമാ ലൊക്കേഷന്‍ ചിത്രങ്ങള്‍. എങ്ങനെയാണ് നാം സ്‌ക്രീനില്‍ കാണുന്ന സിനിമ എന്ന മാജിക് നടക്കുന്നത് എന്നറിയാൻ ആർക്കും ആഗ്രഹം ഉണ്ടാകും. ഇതിനു പിന്നിലെ കാഴ്ചകള്‍ എന്താണെന്ന് അറിയാൻ ആരാധകര്‍ക്ക് ആവേശമാണ്. പ്രത്യേകിച്ചും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഒന്നും ഇല്ലാത്ത കാലത്തെ ലൊക്കേഷന്‍ കാഴ്ചകള്‍ പുതിയ തലമുറയിലുള്ള നമുക്ക് വ്യത്യസ്തമായ ഒന്നുതന്നെയാണ്.
ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വിരാജ് സുകുമാരാനാണ് തന്റെ അച്ഛന്റെ പഴയൊരു ലൊക്കേഷന്‍ ചിത്രം പങ്കുവച്ചുകൊണ്ട് എത്തിയിരിയ്ക്കുന്നത്. ഈ പഴയ ഫോട്ടോ താരപുത്രന് എത്രമാത്രം കൗതുകമാണെന്ന് പോസ്റ്റില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു. സുകുമാരനൊപ്പം മോഹന്‍ലാലും മണിരത്‌നവും രവി കെ ചന്ദ്രനുമൊക്കെയാണ് ചിത്രത്തിലുള്ളത്. 1984 ല്‍ പുറത്തിറങ്ങിയ ഉണരൂ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ചയാണ് പൃഥ്വി പങ്കുവച്ചത്. മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്. ക്യാമറയ്ക്ക് അടുത്ത് സിഗരറ്റ് വലിച്ചു നില്‍ക്കുകയാണ് സുകുമാരന്‍. ഷൂട്ടിങ് കാണാന്‍ വന്ന ജനക്കൂട്ടവും അതിനൊക്കെ പിറകില്‍ കാണാം. ബെല്‍ബോട്ടന്‍ പാന്റ്‌സൊക്കെ ഫാഷനായിരുന്നു കാലത്തെ ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
കേരളത്തിലെ തൊഴിലാളി യൂണിയന് അകത്തുള്ള പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത ഉണരൂ. ടി ദാമോദരനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കിയത്. ഇളയരാജയുടേതായിരുന്നു സംഗീതം. മോഹന്‍ലാലിനും സുകുമാരനും ഒപ്പം അശോകന്‍, രതീഷ്, സബിത ആനന്ദ്, ബാലന്‍ കെ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തിയിരുന്നു.
View this post on Instagram