മലയാള സിനിമയിൽ യുവ തലമുറയിലെ പ്രമുഖ നായക നടനാണ് പൃഥ്വിരാജ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പൃഥ്വിയുടെ കഴിവ് എന്നും പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. നടൻ എന്നതിലുപരി ഗായകനായും ഇപ്പോഴിതാ സംവിധായകനായും പെരുടുത്തിരിക്കുകയാണ് താരം. മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. ഇപ്പോഴിതാ ലൂസിഫറിന്റെ ലൊക്കേഷനിലെ വിശേഷം പങ്കുവയ്ക്കുകയാണ് പൃഥ്വി.
മലയാള സിനിമാ ഇന്‍ഡസ്ട്രിയുടെ ഒരുപാട് ട്രാന്‍സിഷനുകള്‍ കണ്ട ആളാണ് ലാലേട്ടന്‍. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ മോണിറ്റര്‍ എന്ന് പറയുന്ന ഒരു സാധനം ഇല്ല. നമ്മള്‍ ഒരു ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ പിന്നെ ഡബ്ബിങ് സ്റ്റുഡിയോയിലാണ് ആദ്യമായിട്ട് അഭിനയിച്ച ആള്‍ ഉള്‍പ്പെടെ ആ ഷോട്ട് കാണുന്നത്. അന്നൊക്കെ ഒരു ഷോട്ട് ഓക്കെ ആണെന്ന് പറയുന്നത് ഡയരക്ടറല്ല, ക്യാമറാമാനാണ്. ഡയരക്ടര്‍ ഒരു ഷോട്ട് ഒക്കെ പറഞ്ഞിട്ട് ക്യാമറാമാന്‍ നോ വണ്‍ മോര്‍ എന്ന് പറഞ്ഞാല്‍ എന്തുപറ്റിയെന്ന് സംവിധായകന്‍ ചോദിക്കും. അത് ശരിയായില്ലെന്ന് ക്യാമറാമാന്‍ പറഞ്ഞാല്‍ അത് വിശ്വസിക്കുകയേ നിവൃത്തിയുള്ളു.
എന്നാല്‍ ഇന്ന് നിങ്ങള്‍ക്ക് മോണിറ്ററില്‍ അത് റീവൈന്‍ഡ് ചെയ്തു കാണാം. എന്റെ ജനറേഷന്‍ ആ മാറ്റം കണ്ടതാണ്. അതുപോലെ എത്രയോ മാറ്റങ്ങള്‍ കണ്ട ആളാണ് ലാലേട്ടന്‍. ലാലേട്ടന്റെയെടുത്തൊക്കെ എത്രയോ ഇന്ററസ്റ്റിങ് ആയിട്ടുള്ള കഥകളുണ്ട്. എന്റെ അച്ഛനെ വെച്ച് സിനിമ എടുത്തിട്ടുള്ള ആള്‍ക്കാര്‍ ലാലേട്ടനെ നായകനായി കണ്ടിട്ടുണ്ട്. ഇന്ന് ഞാന്‍ സിനിമ ചെയ്യുമ്പോഴും ലാലേട്ടനെയാണ് നായകനായി കാണുന്നത്. അതൊക്കെ എത്ര വലിയ നേട്ടമാണ്. അതുകൊണ്ട് ലാലേട്ടനറിയാതെ ഞങ്ങള്‍ ഇങ്ങനെ ചുരണ്ടിക്കൊണ്ടിരിക്കുമായിരുന്നു,എന്നാണ് പൃഥ്വിരാജ് പറയുന്നത്.