മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും ഇളയ മകനാണ് താരം. നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് താരം മലയാളക്കരയുടെ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്ത് വന്നിരുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകനായും ഗായകനായും നിർമ്മാതാവായും താരം തിളങ്ങിയിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പല വിഷയങ്ങളിലും താരം തന്റെ നിലപാടുകൾ വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ താനെന്നും അക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പറയുകയാണ് പൃഥ്വിരാജ്. അവരുമായി ഒരുപാട് സിനികൾ ചെയ്തിട്ടുണ്ടെന്നും നേരിട്ട് കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം വിജയ് ബാബു അമ്മയുടെ മീറ്റിങിൽ പങ്കെടുക്കാൻ പാടുണ്ടായിരുന്നോ ഇല്ലയോ എന്ന് പറയാനാവില്ലെന്നും തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത പ്രസ് മീറ്റിൽ പൃഥ്വിരാജ് പറഞ്ഞു.
അക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. ഒരുപാട് സിനിമകൾ കൂടെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എന്തു സംഭവിച്ചു എന്നത് അവരിൽ നിന്നും നേരിട്ട് അറിഞ്ഞിട്ടുണ്ട്. അവൾക്കൊപ്പമാണ്. അവരുടെ യാത്രയിൽ ഒപ്പമുണ്ട്. ഞാൻ മാത്രമല്ല, അവരോടൊപ്പം വർക്ക് ചെയ്ത എല്ലാവരും. അമ്മയുടെ യോഗത്തിൽ പോയിട്ടില്ല. വിജയ് അവിടെ പോവാൻ പാടുണ്ടായിരുന്നോ ഇല്ലയോ എന്ന് എനിക്ക് പറയാനാവില്ല. അതിന്റെ ശരി തെറ്റുകളെ പറ്റി ആധികാരികമായി സംസാരിക്കാൻ സംഘടനയുടെ പ്രവർത്തന രീതികളെ കുറിച്ചോ അല്ലാതെയോ എനിക്ക് അറിയില്ല, പൃഥ്വിരാജ് പറഞ്ഞു.
നേരത്തെ കടുവ സിനിമയുമായി ബന്ധപ്പെട്ട കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ വെച്ച് അമ്മ സംഘടനയുടെ മീറ്റിങ്ങിൽ ലൈംഗിക ആക്രമണ കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്തതിൽ പൃഥ്വിരാജിന്റെ നിലപാട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. അമ്മയുടെ യോഗത്തിൽ താൻ പങ്കെടുത്തില്ലെന്നും അവിടെ എന്താണ് നടന്നത് എന്ന് അറിയില്ലെന്നും അവിടെ നിന്ന് ഒരു ഇമെയിൽ വരും അത് വായിച്ച ശേഷം മറുപടി പറയാമെന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി.