പ്രേക്ഷകരുടെ പ്രീയ താരമാണ് പ്രേം കുമാർ, പ്രശസ്ത സംവിധായകൻ പി എ ബക്കറിന്റെ പി കൃഷ്ണപിള്ളയെക്കുറിച്ചുള്ള സഖാവ് എന്ന സിനിമയിൽ ആണ് പ്രേംകുമാർ അഭിനയിച്ചത്. എന്നാൽ ആ ചിത്രം പ്രദർശനത്തിനെത്തിയില്ല. തുടർന്ന് തൊണ്ണൂറുകളിൽ ദൂരദർശൻ മലയാളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ലംബോ എന്ന ടെലിഫിലിം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ടുവരുന്നത്. വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാർഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്. മുപ്പതു വർഷത്തിലധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാർ, ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു നായക വേഷങ്ങളിലേക്ക് എത്തി. ജോണിവാക്കർ, അനിയൻ ബാവ ചേട്ടൻ ബാവ, പുതുക്കോട്ടയിലെ പുതുമണവാളൻ, മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്മണി, ഇക്കരെയാണെന്റെ താമസം തുടങ്ങി നൂറോളം സിനിമകളിൽ നായകനും സഹനടനുമായി മികച്ച പ്രകടനം തന്നെ ആണ് പ്രേംകുമാർ കാഴ്ച വെച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ അഭിനയരംഗത്ത് നിന്നും കുറച്ചു കാലം വിട്ടു നിന്ന പ്രേംകുമാർ ചട്ടക്കാരി, തേജാഭായി ആൻഡ് ഫാമിലി, ഷട്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമരംഗത്ത് വീണ്ടും സജീവമായി.
ഇപ്പോളിതാ ടിവി സീരിയലുകൾ എൻഡോസൾഫാനിനേക്കാൾ മാരകമെന്ന് നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ പറയുന്നത്. മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള സീരിയലുകളാണ് ഇപ്പോഴുള്ളതെന്ന് പ്രേംകുമാർ വിമർശിച്ചു. കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഒരു സീരിയലിൽ പോലും താൻ അഭിനയിക്കാത്തതിന് പിന്നിൽ വരുംതലമുറയോട് ചെയ്യുന്ന നന്മയാണെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രേംകുമാറിന്റെ വാക്കുകൾ ഇങ്ങനെ, ഞാനൊരു സീരിയൽ വിരുദ്ധനൊന്നുമല്ല. സീരിയലുകൾ പാടേ നിരോധിക്കണമെന്ന അഭിപ്രായവുമില്ല. പക്ഷേ, സമീപകാലത്തെ പല സീരിയലുകളും കാണുമ്പോൾ വല്ലാതെ ചൂളിപ്പോവുകയാണ്. മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള ചില സീരിയലുകൾ. അത് നമ്മുടെ ഭാഷക്കും സംസ്‌കാരത്തിനുമേൽപ്പിക്കുന്ന മുറിവുകളെ കുറിച്ച് ചിന്തിക്കേണ്ടതാണ്. ഇത്തരം സീരിയലുകൾ സമൂഹത്തിന് എൻഡോസൾഫാനിനേക്കാൾ മാരകമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഒരു സീരിയലിലും ഞാൻ അഭിനയിക്കുന്നില്ല. വരുംതലമുറയോട് ഞാൻ ചെയ്യുന്ന നന്മയാണ് അത്തരം സീരിയലുകളിൽ അഭിനയിക്കാതിരിക്കുന്നത്’-