അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമാണ് പ്രേമം. യുവമനസ്സുകളെ ഹരംകൊള്ളിക്കുന്ന ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ നിവിൻ പോളിക്ക് പുറമെ സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ തുടങ്ങിയവരും ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോൾ ചിത്രം പുറത്തിറങ്ങിയിട്ട് ആറു വർഷം തികയുകയാണ്.
പ്രേമത്തിന്റെ ആറാം വാർഷികത്തിൽ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നിവിൻ പോളി. നിവിൻ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത് ഫേസ്ബുക്കിലൂടെയാണ്. ആറ് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല, ഈ അത്ഭുതത്തിന് നന്ദി അൽഫോൻസ് പുത്രൻ, എന്നാണ് നിവിൻ ഫേസ്ബുക്കിൽ കുറിച്ചത്. 2015 മെയ് 29നാണ് അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രേമം റിലീസ് ചെയ്തത്. നിവിൻ പോളി നായകനായെത്തിയ ചിത്രം ജോർജ് എന്ന യുവാവിന്റെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളും ആ കാലഘട്ടങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളുമാണ് കാണിക്കുന്നത്.
സെൻസർ കോപ്പി ലീക് ചെയ്തത് ഉൾപ്പടെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നുവെങ്കിലും ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.