പ്രേമത്തിൽ വീണ്ടും ട്വിസ്റ്റ്! നിങ്ങൾ ചിന്തിച്ചത് പോലെ അല്ല എന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ.

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമ തെന്നിന്ത്യയിൽ മുഴുവൻ ഹിറ്റ്‌ ആയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത് നിവിന്‍ പോളി, സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍, അനുപമ പരമേശ്വരന്‍, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, സിജു വിത്സണ്‍, രണ്‍ജി പണിക്കര്‍ എന്നിവരായിരുന്നു. പ്രേമത്തിന്‍റെ ആറാം വാർഷികം അടുത്തിടെയാണ് സോഷ്യൽ മീഡിയ അടക്കം ഏവരും ആഘോഷിക്കിയത്. ഇക്കുറി ജോര്‍ജിന്‍റേയും മലര്‍മിസ്സിന്‍റേയും പ്രണയം ഓപ്പറേഷൻ ജാവ ഇഫക്ട് കാരണം അഖിലേഷട്ടന്‍റെ പ്രണയമായാണ് ആരാധകര്‍ ആഘോഷിച്ചത്. അടുത്തിടെ ചിത്രത്തെ കുറിച്ച് ആരാധകര്‍ക്കുള്ള ചില സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ അൽഫോൻസ് പുത്രൻ മറുപടി നൽകിയിരുന്നു.

ആറ് വർഷങ്ങളായി പ്രേക്ഷകർ തെറ്റിദ്ധരിച്ചിരുന്ന പ്രേമം സിനിമയിലെ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ അൽഫോൻസ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ജോര്‍ജ്ജ് മേരിയെ പ്രേമിച്ചു, ശേഷം മലർ മിസ്സിനെയും, ഒടുവിൽ ജോർജ് വിവാഹം ചെയ്തത് മേരിയുടെ അനുജത്തിയായ സെലിനെയാണെന്നാണ് പ്രേമം കണ്ടവരെല്ലാവരുടേയും ഉള്ളിൽ ഇപ്പോഴുമുള്ള വസ്തുത. സിനിമയിറങ്ങിയപ്പോള്‍ മുതൽ ക്ലൈമാക്സിൽ ജോർജിന്‍റേയും സെലിന്‍റേയും വിവാഹത്തിന് മലര്‍ മിസ് എത്തിയെങ്കിലും മേരി എവിടെപ്പോയി എന്ന സംശയം പലരും സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ ഉന്നയിച്ചിട്ടുണ്ട്. അതിനാണിപ്പോള്‍ സംവിധായകൻ അൽഫോൻസ് പുത്രൻ നേരിട്ട് മറുപടിയുമായി എത്തിയിരിക്കുന്നത്. ദീപ ശശി എന്ന ആരാധികയുടെ കമന്‍റിന് മറുപടിയായാണ് അൽഫോൺസ് ഇത് പറഞ്ഞിരിക്കുന്നത്. മേരിയുടെ പെങ്ങളല്ല സെലിൻ ചേച്ചി എന്ന മലയാളം പദത്തിനുള്ള ഇംഗ്ലീഷ് ലഭിക്കാത്തതിനാൽ സബ്‌ടൈറ്റിൽ ചെയ്തയാള്‍ ചുറ്റിപ്പോയതാ, മേരി സിസ്റ്റർ എന്നൊക്കെയാണ് സബ്‍ടൈറ്റിലിൽ ഉള്ളത്. മേരിയുടെ പെങ്ങൾ ആണെങ്കിൽ ഞാൻ മേരിയുടെ വീട്ടിൽ സെലിൻ ഇരിക്കുന്നത് ചിത്രീകരിക്കുമായിരുന്നില്ലേ എന്നാണ് അൽഫോൻസ് പുത്രൻ കമന്‍റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം മലര്‍ മിസ് ജോര്‍ജ്ജിനെ തേച്ചതാണോ, അതോ ശരിക്കും മലറിന്‍റെ ഓര്‍മ്മശക്തി നഷ്ടമായതാണോയെന്നൊരാളുടെ ചോദ്യത്തിനും അൽഫോൻസ് മറുപടി നൽകിയിരുന്നു. മലരിനു തന്‍റെ ഓർമശക്തി നഷ്ടപ്പെട്ടതാണ്, ശേഷം ഓർമശക്തി വീണ്ടെടുത്തപ്പോൾ എല്ലാ കാര്യങ്ങളും അരിവഴകനടുത്ത് പറഞ്ഞു. ജോർജിനടുത്ത് മലർ എത്തിയപ്പോഴേക്കും മലരിന് മനസ്സിലായി ജോർജ് സെലീനുമൊത്ത് സന്തോഷത്തിൽ ആണെന്നുള്ളത്. എന്നാൽ ജോർജിന് മനസ്സിലായി മലർ തന്‍റെ ഓർമശക്തി വീണ്ടെടുത്തുവെന്നുള്ളത്, ഇതൊക്കെ സംഭാഷണത്തിലൂടെ സിനിമയിൽ പറഞ്ഞു വയ്ക്കുന്നില്ലെങ്കിലും ആക്ഷനിലൂടെയും മ്യൂസിക്കിലൂടെയും പറഞ്ഞുവയ്ക്കുന്നുവെന്നുമായിരുന്നു അൽഫോൻസിന്‍റെ മറുപടി.

Related posts