കന്നഡ നായകൻ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് കെ ജി എഫ് . ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ആഘോഷമാക്കിയ ചിത്രം കൂടി ആയിരുന്നു ഇത്. ചിത്രത്തിലെ റോക്കി ഭായിയെന്ന നായക കഥാപാത്രം അത്രമേല്‍ പൗരുഷം നിറഞ്ഞതും ധൈര്യശാലിയുമായിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റായ ഈ ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നീലിനെ ട്രോളി കൊണ്ടിരിക്കുകയാണ് ആരാധകര്‍. പ്രശാന്ത് സോഷ്യൽ മീഡിയയിൽ കൊവിഡ് വാക്സിന്‍ എടുക്കുന്ന ചിത്രം പങ്കുവെച്ചതിനു പിന്നാലെയാണു അദ്ദേഹത്തെ കളിയാക്കി ചിലര്‍ രംഗത്തെത്തിയത്.
‘കാര്യം മോണ്‍സ്റ്റര്‍ റോക്കി ഭായിയെ സൃഷ്ടിച്ച ആളാണെങ്കിലും കൊവിഡ് വാക്സിന്‍ എടുക്കാന്‍ പേടിയാ’ തുടങ്ങിയ കമന്റുകള്‍ നിരവധി സമൂഹമാധ്യമ പേജില്‍ നിറഞ്ഞു. കന്നട മാധ്യമങ്ങളും പ്രശാന്തിന്റെ പേടി വാര്‍ത്തയാക്കിയിട്ടുണ്ട്. സിനിമയില്‍ വയലന്‍സും ആക്ഷനും ധാരാളം ഉണ്ടെങ്കിലും പ്രശാന്തിന്റെ മനസ്സ് കൊച്ചുകുട്ടികളെക്കാള്‍ ലോലമാണെന്ന് ആരാധകര്‍ കുറിക്കുന്നു.
നഴ്‌സ് സൂചികൊണ്ടു വന്നതും പ്രശാന്ത് തന്റെ മുഖംപൊത്തി. ഇഞ്ചക്ഷന്‍ എടുത്ത് തീരുന്നത് വരെ കണ്ണുംപൂട്ടിയിരുന്നു. ഈ ചിത്രമാണു ട്രോളിന് വഴിയൊരുക്കിയത്. എല്ലാവരും വാക്സിന്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നുമുള്ള കുറിപ്പും ചിത്രത്തോടൊപ്പമുണ്ട്. എന്നാല്‍ പ്രശാന്ത് പേടിച്ചാണിരിക്കുന്നതെന്നും അധോലോക സിനിമയെടുത്തയാള്‍ക്ക് ഇത്ര പേടിയോ എന്നുമൊക്കെ ചോദിച്ചു മലയാളികളടക്കമുള്ള ആരാധകര്‍ കളിയാക്കല്‍ തുടങ്ങി.