പ്രണവ് മോഹൻലാൽ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. താരം ആദ്യമായി അഭിനയിച്ചത് 2002 ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ്. ഇന്ന് പ്രണവ് മോഹൻലാലിന്റെ 31-ാം പിറന്നാളാണ്. താരങ്ങളും ആരാധകരുമടക്കം നിരവധിപേരാണ് പ്രണവിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. മോഹൻലാലും ഇൻസ്റ്റാഗ്രാമിൽ തന്റെ മകന് ജന്മദിനാശംസകൾ നേർന്നു.
പ്രണവ് ഒടുവിൽ അഭിനയിച്ചത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ്. ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടർ പോസ്റ്റർ പോസ്റ്റ് ചെയ്തുകൊണ്ടാണ് മോഹൻലാൽ ആശംസകൾ നേർന്നത്. പ്രണവിന്റെ വരാനിരിക്കുന്ന ചിത്രമായ ഹൃദയത്തിന്റെ ഈ പോസ്റ്റർ എല്ലാവരുമായും പങ്കിടുന്നതിൽ സന്തോഷമുണ്ട്. ജന്മദിനാശംസകൾ അപ്പു. നിനക്കും മുഴുവൻ ടീമിനും ആശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് മോഹൻലാൽ കുറിച്ചത്.
ആന്റണി പെരുമ്പാവൂരും ആശംസകളുമായെത്തി. സ്‌നേഹത്തോടെ അപ്പു എന്ന് വിളിച്ചുകൊണ്ടാണ് പ്രണവിന് അദ്ദേഹം ആശംസ നേർന്നത്. വിസ്മയയ്‌ക്കൊപ്പം പ്രണവ് നിൽക്കുന്ന ഒരു ചിത്രവും ആന്റണി പെരുമ്പാവൂർ പങ്കുവെച്ചു. പ്രണവിന് മേജർ രവി സംവിധാനം ചെയ്‌ത പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാർഡ് 2002-ൽ ലഭിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും നായകൻ ആയി. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച മോഹൻലാൽ-പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹമാണ് റിലീസ് ചെയ്യാനിരിക്കുന്ന പ്രണവിന്റെ മറ്റൊരു ചിത്രം. കൂടാതെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ഹൃദയത്തിൽ നായകൻ പ്രണവ് ആണ്.