സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര പരീശിലന അക്കാദമിക്ക് പൈക്കയില്‍ തുടക്കമാവും..

റഹീം കല്ലായ്

സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര നിര്‍മ്മാണ കലാ അക്കാദമിക്ക് തുടക്കമാവും. കാലത്തിനൊപ്പം മാറുന്ന മണ്‍പാത്രങ്ങളുമായി കാസര്‍ഗോഡ് ജില്ലയിലെ പൈക്കയില്‍ ഒരു അക്കാദമി വരുന്നു പൈക്കം പോയര്‍ട്ടി വര്‍ക്കേഴ്‌സ് ഇന്റ്റര്‍സ്റ്റീരിയല്‍ കൊപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പുതിയ കാലത്തെ പാത്രങ്ങള്‍ അടുക്കളകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ മണ്‍പാത്രങ്ങള്‍ കാലത്തിനൊത്ത് രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തി പഴയകാല പ്രൗഢിയില്‍ തന്നെ വിപണികളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അക്കാദമി ഭാരവാഹികള്‍ പറയുന്നു. 15 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര കലയുടെ നാടായ പൈക്കയില്‍ ഒരു പരിശീലന കളരിക്ക് തുടക്കം കുറിക്കുന്നത്. കളിമണ്ണുകൊണ്ട് മണ്‍പാത്രങ്ങളും കരകൗശല വസ്തുക്കളും മറ്റു
ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നതിനാണ് പ്രധാനമായും പരിശീലനം നല്‍കുന്നത്. പരമ്പരാഗത രീതിയിലുള്ള മണ്‍പാത്രങ്ങളും ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യാന്‍ പറ്റുന്നതും കരകൗശല വസ്തുക്കളും ഉള്‍പ്പടുന്നതാണിത്. ഭാവിയില്‍ കളിമണ്ണുകൊണ്ട് മഹാന്‍മാരുടെ പ്രതിമകള്‍ കൂടാതെ പ്രഷര്‍കുക്കര്‍, പുട്ടുകുറ്റി, തുടങ്ങീ ആധുനിക പാത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള പാത്രങ്ങളുമായി ഈ പദ്ധതി മുന്നോട്ടു പോകും.

വിദഗ്ദരായ അധ്യാപകരെ ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന പരിശീലനം നല്‍കുകയാണ് അക്കാദമിയുടെ തീരുമാനമെന്ന് സൊസൈറ്റി പ്രസിഡന്റ് പൈക്കം ഭാസ്‌കരന്‍ പറയുന്നു. വൈദഗ്ധ്യവും സാമര്‍ത്ഥ്യവും ഏറെ വേണ്ട തൊഴില്‍ മേഖലയാണ് മണ്‍പാത്ര നിര്‍മ്മാണം. കാലാവസ്ഥയിലെ വ്യതിയാനത്തെക്കുറിച്ചും മണ്ണിന്റെ ഗുണനിലവാരത്തെ കുറിച്ചും പഠന വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുന്നതിനും ഇത്തരം സംരംഭം സഹായകമാവുമെന്ന് ഇവര്‍ പറയുന്നു. നിര്‍മ്മാണത്തിന്റെ ചരിത്രം മഹാശിലാ സംസ്‌കാരത്തോളം പഴക്കമുള്ളതാണ്. കാര്‍ഷിക സമൂഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കണ്ടുപിടിത്തമായിരുന്നു മണ്‍പാത്ര നിര്‍മ്മാണം. ധാന്യങ്ങള്‍ ശേഖരിച്ച് വെക്കാന്‍ പ്രത്യേക സംവിധാനം ആവശ്യമാണെന്ന തിരിച്ചറിവിലാണ് പാത്രങ്ങള്‍ നിര്‍മ്മിച്ച് തുടങ്ങിയത്. ആദ്യകാലത്ത് കൈകൊണ്ടും പിന്നീട് ചക്രത്തിന്റെ സഹായത്തോടെയും വൈവിധ്യമാര്‍ന്ന മണ്‍പാത്രങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങി, ഇപ്പോള്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് പാത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. വിവിധ രൂപത്തിലുള്ള ചെടിചട്ടികള്‍, കൂജകള്‍, മണ്‍ചിരാതുകള്‍, ക്ലാസുകള്‍, എന്നിവ നിര്‍മ്മിച്ചു കഴിഞ്ഞു.

കരകൗശല വസ്തുക്കളോടപ്പം മണ്‍പാത്ര നിര്‍മ്മാണവും പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ടാവും. ഇതുവരെ 30 ഓളം ആളുകള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞന്നും അക്കാദമി അധ്യാപകര്‍ അവകാശപ്പെടുന്നു.അലൂമിനിയം, സ്റ്റീല്‍ പാത്രങ്ങള്‍ സുലഭമാണെങ്കിലും മണ്‍പാത്രം വേറിട്ട രുചി സമ്മാനിക്കുന്നു എന്നതിനാല്‍ മണ്‍പാത്രങ്ങള്‍ക്ക് പ്രാധാന്യം കുറയുന്നില്ലെന്ന് എന്നതാണ് സത്യം . കഠിനാദ്ധ്വാനം ആവശ്യമായ ഈ മേഖലയിലേക്ക് പുതുതലമുറയില്‍ നിന്ന് ആളുകള്‍ പ്രതീക്ഷയോടെ കടന്നു കയറട്ടെയെന്ന് പ്രത്യാശിക്കാം.

 

Related posts