ഇന്ദ്രജിത്തും പൂർണിമയും മലയാള സിനിമയിലെ പ്രിയ താരദമ്പതികളാണ്. ഇരുവരും ഒരുപാട് നാൾ പ്രണയിച്ചതിന് ശേഷം 2002 ലാണ് വിവാഹിതരായത്. ഇന്ദ്രജിത്തും പൂർണിമയും മാത്രമല്ല ഇവരുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. പൂർണിമ ഇന്ദ്രജിത്ത് നടിയായി മാത്രമല്ല ഫാഷൻ ഡിസൈനറായും ശ്രദ്ധ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നത്.
ഇപ്പോളിതാ തന്റെ പുതിയ കലക്ഷന് താരം നൽകിയിരിക്കുന്ന പേരാണ് ജനശ്രദ്ധ നേടുന്നത്. മോഹമല്ലിക എന്നാണ് പുതിയ ഡിസൈനിന് പൂർണിമ നൽകിയ പേര്. പൂർണിമയുടെ ഭർത്തൃമാതാവും നടിയുമായ മല്ലിക സുകുമാരന്റെ യഥാർത്ഥ പേരാണ് മോഹമല്ലിക എന്നത്. തന്റെ പുതിയ ഡിസൈൻ പ്രിയപ്പെട്ട മല്ലികാമ്മയ്ക്ക് സമർപ്പിച്ചിരിക്കുകയാണ് പൂർണിമ. ഭർത്താവിന്റെ അമ്മ എന്നതിലുമപ്പുറം ആത്മബന്ധം മല്ലിക സുകുമാരനുമായി കാത്തുസൂക്ഷിക്കുന്ന ഒരാളാണ് പൂർണിമ.
2002 ഡിസംബർ പതിമൂന്നിനാണ് ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരാവുന്നത്. എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്. വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളും മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു താരം.