മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ പ്രഖ്യാപിച്ച നാള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ്. ചിത്രത്തിനുമേൽ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത് താരസമ്പന്നത മാത്രമല്ല, മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. ചെക്കാ ചിവന്ത വാനം എന്ന ചിത്രത്തിന് ശേഷം വീണ്ടും എ ആര്‍ റഹ്‌മാൻ ഈ മണിരത്നം ചിത്രത്തിലും സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നു. രവി വര്‍മ്മയുടേതാണ് ക്യാമറ. ചിത്രത്തിന്റെ എഴുപത് ശതമാനത്തോളം ചിത്രീകരണവും പൂര്‍ത്തിയതായെന്ന് സംവിധായകന്‍ മുൻപ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ അടുത്ത ഘട്ട ഷൂട്ടിങ് മെയ് മാസത്തില്‍ ആരംഭിയ്ക്കാനായിരുന്നു പദ്ധതി. എന്നാല്‍ കൊവിഡ് 19 വൈറസ് ഭീഷണിയുള്ള ഈ സാഹചര്യത്തില്‍ ചിത്രീകരണം നീട്ടി വയ്ക്കാന്‍ നിര്‍ബന്ധിതരായിരിയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
അടുത്ത ഘട്ട ഷൂട്ടിങ് ജൂണില്‍ ആരംഭിയ്ക്കും എന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ഉടനീളം ഒന്ന് യാത്ര ചെയ്യണം എന്ന് മുൻപ് സംവിധായകൻ പറഞ്ഞിരുന്നു. ആ പ്ലാനും മണിരത്‌നം മാറ്റിയെന്നാണ് അറിയുന്നത്. ചെന്നൈയിലും ഹൈദരബാദിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനായി ഹൈദരബാദിലെ രാമോജി റാവും ഫിലിം സിറ്റിയിൽ ഗംഭീര സെറ്റ് ക്രിയേറ്റ് ചെയ്യുകയാണന്നാണ് കേൾക്കുന്നത്.
പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് അതേ പേരിലുള്ള സിനിമ മണിരത്‌നം സംവിധാനം ചെയ്യുന്നത്. ഹിസ്റ്റോറിക്കല്‍ ഡ്രാമ കാറ്റഗറിയില്‍ പെടുന്ന ചിത്രത്തില്‍ വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി ബച്ചന്‍, തൃഷ, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു തുടങ്ങിയൊരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇന്ത്യൻ സിനിമ ലോകം തന്നെ ഈ ചിത്രത്തിനായി കാത്തിരിക്കുവാണ്.