ആര്‍. മാധവന്‍റെ ട്രൈ കളര്‍ ഫിലിംസും ഡോക്ടര്‍ വര്‍ഗീസ് മൂലന്‍റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്‍റെയും ബാനറില്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്‍റെ ജീവിതം ആധാരമാക്കി നടന്‍ മാധവന്‍ സംവിധാനം ചെയ്യുന്ന റോക്കറ്ററി ദി നമ്പി എഫക്ട് സിനിമയ്ക്ക് ആശംസകളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതല്‍ ആളുകള്‍ സിനിമയെ കുറിച്ച് അറിയണമെന്നും വളരെ പ്രധാനപ്പെട്ട വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ പ്രതികരണം പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ സാധിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച് മാധവന്‍ ചെയ്ത ട്വീറ്റിന് മറുപടിയായിട്ടായിരുന്നു.
നിങ്ങളെയും പ്രതിഭാശാലിയായ നമ്പി നാരായണനെയും കാണാന്‍ പറ്റിയതില്‍ വളരെ സന്തോഷം. ഈ സിനിമ ചര്‍ച്ച ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഇതിനെ കുറിച്ച് കൂടുതല്‍ ആളുകള്‍ അറിയണം. നമ്മുടെ രാജ്യത്തിനായി നമ്മുടെ സാങ്കേതിക വിദഗ്ദ്ധരും ശാസ്ത്രഞ്ജരും ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. റോക്കറ്ററിയുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ലഭിച്ച സൂചന ഇതാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. മാധവനും നമ്പി നാരായണനും കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹി പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടത്. മാധവന്‍ ഇരുവരും മോദിയോടൊപ്പം ഇരിക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിരുന്നു. മാധവൻ ട്വീറ്റ് ചെയ്തത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രിയെ കാണാനും റോക്കറ്ററി സിനിമ കാണിക്കാനും തനിക്കും നമ്പി നാരായണനും സാധിച്ചെന്നും അദ്ദേഹത്തിന്‍റെ പക്കല്‍ നിന്നും ലഭിച്ച പ്രതികരണവും നമ്പി നാരായണനോട് ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാക്കുകളും ഏറെ സ്പര്‍ശിക്കുന്നതായിരുന്നെന്നുമാണ്.
തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ചിത്രീകരിച്ച സിനിമ മലയാളം, തെലുങ്കു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് എത്തുക. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. മാധവന്‍ തന്നെയാണ് നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രം പറയുന്നത് ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്‍റെ ജീവിതമാണ്. സിനിമയുടെ ചിലവ് 100 കോടിക്ക് മുകളിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാനും സൂര്യയും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആണ് എത്തുന്നത്.