കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയങ്കരിയും നടിയും അവതാരകയുമായ പേളി മാണിയ്ക്കും ഭര്‍ത്താവ് ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നത്. ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത് ശ്രീനിഷ് ആണ്. ഇതിനോടൊപ്പം ശ്രീനിഷ് അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും കുറിച്ചു. ഇപ്പോള്‍ പേളി തന്റെ കുഞ്ഞിന്റെ ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. കുഞ്ഞും താനും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നുവെന്ന് പേളി ചിത്രത്തോടൊപ്പം കുറിച്ചു.
ഈ മനോഹര നിമിഷം നിങ്ങളെല്ലാവരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതാണ് ഞങ്ങളുടെ പെണ്‍കുഞ്ഞ്, ഞങ്ങള്‍ രണ്ട് പേരും സന്തോഷത്തോടെയും ആരോഗ്യത്തോടെയുമിരിക്കുന്നു. പക്ഷെ മിസ്റ്റര്‍ ഡാഡി ക്ഷീണിതനാണ്. ഇപ്പോള്‍ കുഞ്ഞിന്റെ ചിത്രം പങ്കുവയ്‌ക്കേണ്ട എന്ന് ഒരുപാട് പേർ പറഞ്ഞു. പക്ഷേ എന്റെ കുടുംബത്തെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന നിങ്ങളുമായി ചിത്രം പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. എല്ലാവരുടെയും അനുഗ്രഹം വേണം- പേളി കൂട്ടിച്ചേർത്തു. പേളിയ്ക്കും കുഞ്ഞിനും ശ്രീനിഷിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒട്ടനവധിപേരാണ് രംഗത്ത് വന്നത്.