കാർലോസ് എന്ന ഓൺലൈൻ ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമായി പീസ് എത്തുന്നു. ജോജു ജോർജ്ജിനെ നായകനാക്കി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്. മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ‘പീസി’ന്‍റെ ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ച് മോഹൻലാൽ, രക്ഷിത് ഷെട്ടി, വിജയ് സേതുപതി, ഭരത് തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ നിർവ്വഹിച്ചു. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്‍റെ ബാനറിൽ ദയാപരൻ നിര്‍മ്മിക്കുന്ന ‘പീസ്’ ഒരു ആക്ഷേപഹാസ്യ ത്രില്ലർ സിനിമയാണ്.
ജോജു ജോർജ്ജിന്‍റെ ‘നായാട്ടി’ലെ പ്രകടനത്തെ ബോളിവുഡ് സൂപ്പർതാരമായ രാജ്‌കുമാർ റാവു അഭിനന്ദിച്ചിരുന്നു. ഇന്ത്യയിലെ പ്രധാന നിരൂപകരായ അനുപമ ചോപ്രയും (ഫിലിം കമ്പാനിയൻ) ഭരദ്വാജ് രംഗനും മറ്റ് ചില നിരൂപകരും ജോജുവിന്‍റെ സമീപകാല ചിത്രങ്ങളെയും, അതിലെ പ്രകടനങ്ങളെയും, സ്ക്രിപ്റ്റ് സെലക്ഷനെയും ഏറെ പ്രശംസിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
‘ജോജു ജോർജിനെ കൂടാതെ ഷാലു റഹീം, രമ്യാ നമ്പീശൻ, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനിൽ നെടുമങ്ങാട്, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ പോളി വൽസൻ തുടങ്ങിയവരും ‘പീസി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളിൽ 75 ദിവസങ്ങൾ കൊണ്ട് പൂർത്തീകരിച്ച സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.