ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയും! വൈറലായി പാര്‍വ്വതിയുടെ വാക്കുകള്‍!

പാർവ്വതി തിരുവോത്ത് മലയാളികളുടെ ഇഷ്ട നടിയാണ്. വളരെ വ്യക്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉള്ള ഒരാൾ കൂടിയാണ് പാർവ്വതി. തന്റെ അഭിപ്രായങ്ങൾ ഒക്കെ തന്നെ യാതൊരു മടിയും കൂടാതെ തന്നെ താരം തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നിലപാടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍വ്വതി തിരുവോത്ത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയും. സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമെന്നും പാര്‍വ്വതി പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പ് വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചലച്ചിത്രമേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നു. ചലച്ചിത്രമേഖലയില്‍ തെറ്റായ കാര്യങ്ങള്‍ക്കെതിരെ സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് സിനിമയിലെ ചില കരുത്തര്‍ മുന്നറിയിപ്പ് നല്‍കി. തന്നെ മാറ്റിനിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചുവെന്നും പാര്‍വ്വതി പറയുന്നു.

അതേസമയം ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേര്‍ രംഗത്ത് എത്തുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരാവകാശ കമ്മീഷണറുടെ മറുപടി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവുള്ളതിനാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി ആര്‍ പ്രമോദ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Related posts