ബോളിവുഡിലും കോളിവുഡിലും ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സിദ്ധാർഥ്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ അദ്ദേഹം കേന്ദ്രസർക്കാരിനെതിരെ മിക്കപ്പോഴും ട്വിറ്ററിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കാറുണ്ട്. അടുത്തിടെ സൗജന്യ വാക്സിൻ വിതരണത്തിൽ കേന്ദ്രം കള്ളക്കളി നടത്തിയതായും അദ്ദേഹം ആരോപിച്ചിരുന്നു. അതിന് ശേഷം തനിക്കെതിരെ ബിജെപി അനുഭാവികളുടെ ഭീഷണി ഉള്ളതായും അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ സിദ്ധാർഥിന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് നടി പാർവതി തിരുവോത്ത്.
സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു ആര്‍മി തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്. തളരരുത്, നിങ്ങള്‍ക്കും കുടുംബത്തിനും ഏറെ സ്‌നേഹവും നേരുന്നു എന്നാണ് പാർവതി ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്‍റെ ഫോൺ നമ്പർ ബിജെപി അംഗങ്ങൾ ലീക്ക് ചെയ്തതിനെ കുറിച്ചുള്ള സിദ്ധാർഥിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പാർവതി ഇത് കുറിച്ചിരിക്കുന്നത്.
ബിജെപിയെ വിമർശിക്കുന്നതിന്‍റെ പേരിൽ തന്‍റെ മൊബൈൽ നമ്പർ ബിജെപി അനുഭാവികള്‍ ലീക്ക് ചെയ്തെന്ന് കഴിഞ്ഞ ദിവസമാണ് സിദ്ധാർഥ് അറിയിച്ചത്. തനിക്ക് 500 ലധികം ഫോണ്‍ കോളുകള്‍ വന്നുവെന്നും വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവും കുടുംബത്തിനെതിരെ പോലുമുണ്ടെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്ത് അറിയിച്ചിരുന്നു. എല്ലാ നമ്പറുകളും താൻ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അതെല്ലാം പോലീസിന് കൈമാറിയെന്നും താരം അറിയിച്ചിട്ടുണ്ട്. മിണ്ടാതെ താനിരിക്കില്ല, ഇനിയും ശ്രമിച്ചുകൊണ്ടിരിക്കും എന്നും സിദ്ധാർഥ് ട്വീറ്റിൽ ചേര്‍ത്തിരുന്നു.