“ബൈബിളിൽ നിന്നല്ലാത്തതും” നാദിർഷയും വിവാദത്തിൽ: വിവാദം ചൂടുപിടിപ്പിച്ച് പി സി ജോർജും!

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ക്രൈസ്തവ സംഘടനകളും വൈദികരും ആവശ്യപ്പെട്ടിരുന്നു. ക്രിസ്ത്യന്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന കാരണം പറഞ്ഞാണ് ചിത്രത്തിന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാൽ ചിത്രത്തിന് ക്രിസ്തു മതവുമായും പ്രവാചകനായ ജീസസുമായും ഒരു ബന്ധവുമില്ലെന്നും അതുകൊണ്ടുതന്നെ ചിത്രത്തിന്റെ പേര് മാറ്റില്ലെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ്‌ലൈന്‍ മാറ്റുമെന്ന് നാദിര്‍ഷ പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് പി സി ജോർജ് രംഗത്തെത്തിയിരിക്കുകയാണ്.

അദ്ദേഹം പ്രതികരിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ക്രിസ്ത്യാനികൾ പാവമായതുകൊണ്ട് എന്ത് വൃത്തികേടും ആർക്ക് വേണമെങ്കിലും പറയാമല്ലോ. നാദിർഷയാണല്ലോ ഈ സിനിമ സംവിധാനം ചെയ്യുന്നത്. എറണാകുളത്തെ ഒരു വൈദികന്റെ ചിലവിൽ ജീവിച്ച ആളാണ് നാദിർഷ. അയാൾക്ക് സംസാരിക്കാനും ലോകത്തിൽ അറിയപ്പെടാനും കഴിഞ്ഞത് ആ വൈദികന്റെ ഔദാര്യം കൊണ്ടാണ്. അത്തരത്തിൽ ഉള്ളൊരു സഭയെയാണ് നാദിർഷ ഇപ്പോൾ അവഹേളിക്കുന്നത് എന്ന് പി സി ജോർജ് പറയുന്നു. മിക്ക സിനിമയിലും ക്രിസ്ത്യാനികളെയാണ് വേശ്യായയും ഗുണ്ടയായും മറ്റും ചിത്രീകരിക്കാറുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയാണ് ഇതെന്നും ഈശോ എന്ന പേരിന് പകരം മുഹമ്മദ്‌ നബി എന്ന പേര് സിനിമയ്ക്ക് നൽകി കാണിക്കാൻ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതു മതത്തെ വ്രണപ്പെടുത്തിയാലും താൻ ശക്തമായി പ്രതികരിക്കുമെന്നും ഈശോ എന്ന ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിക്കാമെന്ന് കരുതേണ്ട എന്നും പി സി ജോർജ് വ്യക്തമാക്കി.

Related posts