രണ്ടു പതിറ്റാണ്ടുകളായി മലയാളത്തിന്റെ പ്രണയനായകൻ എന്ന വിലാസം കുഞ്ചാക്കോ ബോബന്റെ പേരിനൊപ്പം ചേർത്തു വെക്കാൻ തുടങ്ങീട്ട്. ഇന്നും അതിനു മാറ്റമില്ല.തമിഴകത്ത് പ്രണയനായകന്മാരുടെ ഗണത്തിൽ മുൻനിരയിലേക്ക് ‘റോജ’ എന്ന സിനിമയിലൂടെ എത്തിയതാണ് അരവിന്ദ് സ്വാമി.ഇരുവരും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘ഒറ്റ്’.
മലയാളത്തിൽ 25 വർഷങ്ങൾക്കു ശേഷം അരവിന്ദ് സ്വാമി അഭിനയിക്കുന്ന മലയാളസിനിമ കൂടിയാണ് ഒറ്റ്. അവസാനം അരവിന്ദ് സ്വാമി അഭിനയിച്ചത് ശ്രീദേവി നായികയായി എത്തിയ ദേവരാഗം ആണ് . ‘ഒറ്റ്’ സംവിധാനം ചെയ്യുന്നത് ‘തീവണ്ടി’ സിനിമയുടെ സംവിധായകൻ ടി.പി.ഫെല്ലിനിയാണ്. കഥ എസ്.സഞ്ജീവിന്റേതാണ്. നടൻ ആര്യയും ഷാജി നടേശനും ചേർന്നു ഓഗസ്റ്റ് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം 27ന് ആരംഭിക്കും.
ഷൂട്ട് നടക്കുന്നത് മുംബൈ, മംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ്. ബന്ധങ്ങളുടെ ഊഷ്മളതയും നർമവും ചേർന്ന ഒരു ത്രില്ലർ സിനിമയായിരിക്കും ഒറ്റ് എന്ന് അണിയറ പ്രവർത്തകർ പറയുന്നു. തമിഴ്,മലയാളം ഭാഷകളിൽ ഒരുക്കുന്ന ചിത്രം ജൂലായിൽ റിലീസ് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് അണിയറ പ്രവർത്തകർ. എ.എച്ച്.കാഷിഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ക്യാമറ ചെയ്തിരിക്കുന്നത് വിജയ്‌യാണ്.