2021-25 സാമ്പത്തിക പരിഷ്കരണ പദ്ധതിയുടെ ഭാഗമായി സബ്സിഡി ആനുകൂല്യങ്ങള്‍ ഒമാൻ നിര്‍ത്തലാക്കുന്നു. വൈദ്യുതി, ജല മേഖലയിലെ സബ്സിഡികള്‍ എടുത്തുകളയാനാണ് ഒമാന്‍ ഭരണകൂടം തീരുമാനിച്ചത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 2021 ജനുവരി മുതല്‍ ജലത്തിനും വൈദ്യുതിക്കും ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടി വരും. ഇനിമുതല്‍ സബസിഡി സ്വദേശി സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയത്.
പുതിയ നിരക്കുകളുടെ വിശദാംശങ്ങളും ഭരണകൂടം പുറത്ത് വിട്ടിട്ടുണ്ട്. അടുത്ത മാസം മുതല്‍ വിദേശി പൗരന്‍മാരുടെ താമസ സ്ഥലങ്ങളില്‍ പ്രതിമാസം 500 യൂണിറ്റ് വരേയുള്ള വൈദ്യൂതി ഉപയോഗത്തിന് യൂണിറ്റ് ഒന്നിന് 20 പൈസ വീതം നല്‍കേണ്ടി വരും. 1500 വരെയാണില്‍ 25 ബൈസ വീതവും അതിന് മുകളിലാണ് ഉപയോഗമെങ്കില്‍ 30 ബൈസ വീതവും നല്‍കേണ്ടി വരും. സ്വദേശികള്‍ ആദ്യ രണ്ട് അക്കൗണ്ട് വരെ യഥാക്രമം സബ്സിഡി നിരക്കായ 15,20,30 ബൈസ എന്ന ക്രമത്തിലാണ് അടയ്ക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഇതില്‍ കൂടുതലാണ് ഉപയോഗമെങ്കില്‍ വിദേശികള്‍ അടയ്ക്കുന്ന നിരക്കിന് സമാനമായ തുക സ്വദേശികളും അടയ്ക്കേണ്ടി വരും. വിദേശികളുടെ വീടുകളില്‍ 2023ഓടെ വൈദ്യുതി സബ്‌സിഡി പൂര്‍ണ്ണമായും ഒഴിവാക്കും. ജലത്തിന്‍റെ സബ്സിഡിയും ഇത്തരത്തില്‍ 2024 ഓടെ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. സ്വദേശികളുടെ സബ്സിഡി നിരക്കുകള്‍ 2025 ഓടെ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് പദ്ധതി. ഇന്ധന സബ്സിഡിയും നേരത്തെ സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു.