ഒടിയൻ മാണിക്യന്റെ ഒടിവേലകൾ ഇനി ഹിന്ദിയിലും!

മലയാള സിനിമയിൽ ഒരുകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഒടിയൻ. മോഹൻലാല്‍ നായകനായ ചിത്രം അന്ന് ഏറെ പ്രേക്ഷക ശ്രദ്ധയും നേടിയിരുന്നു. ചിത്രത്തിൽ മോഹൻലാൽ നടത്തിയ മേക്കോവർ ഏറെ ചർച്ചയായിരുന്നു. തേൻകുറിശ്ശി എന്ന ഗ്രാമത്തിലെ ഒടിയന്റെ കഥപറഞ്ഞ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയൻ ഹിന്ദിയിലേക്ക് എത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഹിന്ദിയിലേക്ക് ഒടിയൻ ചിത്രം മൊഴി മാറ്റിയിട്ടാണ് എത്തുക. ഒടിയൻ എന്ന ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് ഒടിയൻ. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രവുമാണ് ഒടിയൻ. കെജിഎഫ് രണ്ട് എത്തും വരെ ഒടിയൻ തന്നെയായിരുന്നു മുന്നില്‍. മഞ്‍ജു വാര്യരായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരുന്നു നിര്‍മാണം. മാക്സ് ലാബ് സിനിമാസ് ആയിരുന്നു വിതരണം. ജോൺ കുട്ടിയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്.

കെ ഹരികൃഷ്‍ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സമീപകാലത്ത് മലയാള ചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഹിറ്റായ അനുഭവമുള്ളതിനാല്‍ ‘ഒടിയനും’ സ്വീകരിക്കപ്പെടും എന്നാണ് പ്രതീക്ഷ.

 

Related posts