പോലീസ് നായ്ക്കള്‍ ഇനി മനുഷ്യരിലെ രോഗങ്ങള്‍ കണ്ടുപിടിയ്ക്കും, ഇന്ത്യയിൽ ആദ്യം നടപ്പിലാക്കുന്നത് കേരളത്തില്‍

dog-sq-team

മനുഷ്യരിലെ രോഗങ്ങള്‍ കണ്ടുപിടിയ്ക്കാന്‍ ഇനി പൊലീസ് നായ്ക്കളുടെ സേവനവും. കോവിഡ്, സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍, കൊച്ചു കുട്ടികളിലുള്‍പ്പെടെ വ്യാപകമായ ബ്ലഡ് ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്താനായാണ് നായ്ക്കളെ പരിശീലിപ്പിയ്ക്കാന്‍ ഒരുങ്ങുന്നത്. തൃശൂര്‍ പൊലീസ് അക്കാദമിയാണ് ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിര്‍ണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതി ആവിഷ്‌ക്കരിയ്ക്കുന്നത്.

police-dog-names-1
police-dog-names-1

ക്യാന്‍സര്‍ രോഗികളുടെയും കോവിഡ് രോഗികളുടെയും വിയര്‍പ്പിന്റെ ഗന്ധം മണത്താണ് രോഗമുള്ളവരെ കണ്ടെത്തുന്നത്. ബ്രെസ്റ്റ് ക്യാന്‍സര്‍ ഉള്ള സ്ത്രീകളുടെ അടിവസ്ത്രത്തിലെ വിയര്‍പ്പ് ഗന്ധവും രോഗമില്ലാത്തവരുടെ അടിവസ്ത്രങ്ങളില്‍ നിന്നുള്ള വിയര്‍പ്പ് ഗന്ധവും തിരിച്ചറിയുന്ന നായ്ക്കള്‍ക്ക് രോഗമുള്ളവരുടെ ഗന്ധം വേര്‍തിരിച്ചറിയാനുള്ള പരിശീലനമാണ് നല്‍കുന്നത്. സ്രവങ്ങള്‍ മണത്തും രോഗമുള്ളവരെ കണ്ടെത്താമെന്ന അഭിപ്രായവും പരിശീലനത്തിനായി പരിഗണനയിലുണ്ട്.അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ മണം പിടിയ്ക്കുന്ന നായ്ക്കളെ രോഗങ്ങള്‍ കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്.

dog
dog

കോവിഡ് കാലത്ത് വിമാനത്താവളങ്ങളിലും മറ്റും രോഗബാധിതരായ യാത്രക്കാരെ കണ്ടെത്താന്‍ യുഎഇ, അമേരിക്ക, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിലും പരിശീലനം നല്‍കിയ നായ്ക്കളെ ഉപയോഗിച്ചിരുന്നു.നായ്ക്കളെ പരിശീലിപ്പിയ്ക്കാന്‍ തൃശൂര്‍ പൊലീസ് അക്കാഡമി സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി തേടി. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ ആരോഗ്യ വകുപ്പിന്റെ കൂടി സഹകരണത്തോടെ നായ്ക്കള്‍ക്ക് രോഗ നിര്‍ണയം സംബന്ധിച്ച പരിശീലനം നല്‍കും. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് അനുമതി തേടി കത്തയച്ചെങ്കിലും ഇതുവരെയും അനുകൂല തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Related posts