കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ഈ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്റർ റിലീസ് ചെയ്തത് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്. പോസ്റ്ററിൽ ഉള്ളത് നയൻതാരയും കുഞ്ചാക്കോ ബോബനും ഒരു മേശയ്ക്കപ്പുറവും ഇപ്പുറവും ഇരിക്കുന്ന ചിത്രമാണ്.
ഏപ്രില്‍ ആദ്യവാരം നിഴല്‍ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ത്രില്ലര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ചിത്രം നിർമ്മിക്കുന്നത് ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെയ് ലോഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ്.
ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത് എസ് സഞ്ജീവ് ആണ്. ഛായാഗ്രഹണം ദീപക് ഡി മേനോനും സംഗീതം സൂരജ് എസ് കുറുപ്പുമാണ് നിർവഹിക്കുന്നത്. അപ്പു എന്‍ ഭട്ടതിരിയും അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍. അഞ്ചാം പാതിര എന്ന മിഥുന്‍ മാനുവല്‍ തോമസ് ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ത്രില്ലര്‍ സിനിമയാണിത്. ആദ്യമായാണ് ചാക്കോച്ചനൊപ്പം ഒരു മുഴുനീള കഥാപാത്രത്തെ നയന്‍താര അവതരിപ്പിക്കുന്നത്.