ഉപ്പും മുളകും പരമ്പരയിലൂടെ ജനശ്രദ്ധ നേടിയ ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ടത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിച്ചതിനെ തുടർന്ന് സ്‌ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയേയും ജൂഹിയേയും കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുകയാണ് നടി നിഷ സാരംഗ്.
നിഷാമ്മേ എന്നായിരുന്നു ജൂഹിയുടെ അമ്മ തന്നെ വിളിച്ചിരുന്നത്. ഉപ്പും മുളകും ലൊക്കേഷനിൽ എപ്പോഴും ഉണ്ടാകും. മകനെക്കുറിച്ച് എപ്പോഴും പറയും. അവൻ പഠിച്ച് ഒരു ജോലി നേടുന്നതായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്‌നം എന്ന് എപ്പോഴും പറയുമായിരുന്നു. അപ്രതീക്ഷിതമായിരുന്നു മരണം കേട്ടത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
മരിക്കുന്നതിന് നാല് ദിവസം മുമ്ബായിരുന്നു താൻ ഭാഗ്യലക്ഷ്മിയെ അവസാനം കണ്ടത്. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിന് ജൂഹിയും ഉണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി വിശേഷങ്ങൾ പറയുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. താൻ ഉറങ്ങിയിട്ട് രണ്ട് ദിവസമായി, ഇന്നലേയും മിനഞ്ഞാനുമൊന്നും തനിക്ക് ഉറങ്ങാനേ പറ്റിയിട്ടില്ല കണ്ണടയ്ക്കുമ്പോൾ ആ രംഗങ്ങളാണ് മനസിൽ. ഉപ്പും മുളകും ചെയ്തിരുന്ന കാലത്ത്, ഷൂട്ട് നടക്കുമ്പോൾ തന്റെ ബാഗ് സൂക്ഷിച്ചിരുന്നത് ഭാഗ്യലക്ഷ്മിയായിരുന്നു. അവസാനം കണ്ടപ്പോഴും തന്റെ ബാഗ് വാങ്ങി സൂക്ഷിച്ചു. നിഷാമ്മേ എന്ന വിളിയിൽ നിറയെ സ്‌നേഹമായിരുന്നു. അതൊന്നും തന്റെ മനസിൽ നിന്നും പോകുന്നില്ല. ഇപ്പോൾ പറയുമ്പോഴും തന്റെ ശരീരം വിറയ്ക്കുന്നു. അവസാനമായി ഭാഗ്യലക്ഷ്മിയെ കാണാനായി ചെന്നപ്പോൾ ജൂഹി തന്നെ നോക്കിയ ഒരു നോട്ടമുണ്ട് തന്റെ നെഞ്ച് പിടഞ്ഞുപോയി.