മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് നിഖില മലയാളസിനിമയിലേക്ക് എത്തുന്നത്. പിന്നീട് ലവ് 24×7 എന്ന ചിത്രത്തിലൂടെ നായികയായും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് കൈ നിറയെ അവസരങ്ങളായിരുന്നു താരത്തിന്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റാണ് നിഖിലയുടെ ഏറ്റവുമടുത്ത് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ മഞ്ജു വാര്യരോടൊപ്പം മികച്ച പ്രകടനമാണ് നിഖില കാഴ്ചവെച്ചത്. ഇപ്പോഴിതാ മഞ്ജു വാര്യരുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നിഖില. വളരെ ലാളിത്യം നിറഞ്ഞ വ്യക്തിയാണ് മഞ്ജു വാര്യര്‍ എന്നാണ് നിഖില പറയുന്നത്. താനും തന്റെ ചേച്ചിയും തമ്മിലുള്ള ബന്ധം പോലെയല്ല പ്രിസ്റ്റീലെ ചേച്ചിയും അനുജത്തിയും തമ്മിലെന്നും നിഖില പറഞ്ഞു.
ലാളിത്യം നിറഞ്ഞ വ്യക്തിത്വമാണ് മഞ്ജു ചേച്ചിയുടേത്. ലൊക്കേഷനില്‍ തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരെയോ സ്റ്റൈലിസ്റ്റിനെയോ ചേച്ചി കൊണ്ടുവന്നിരുന്നില്ല. സാരി ഉടുക്കാന്‍ സെറ്റിലെ സ്റ്റൈലിസ്റ്റുമാരാണ് ചേച്ചിയെ സഹായിച്ചത്. മഞ്ജു ചേച്ചിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം, നിഖില പറഞ്ഞു. മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു ടെന്‍ഷന്‍ ചെറുതായുണ്ടായിരുന്നെന്നും എന്നാല്‍ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ തന്റെ എല്ലാ ടെന്‍ഷനും ഇല്ലാതാക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചെന്നും നിഖില പറഞ്ഞു. ജൂണിന് ശേഷം മധുരം, സിബി മലയില്‍ സംവിധാനത്തിലൊരുങ്ങുന്ന കൊത്ത് എന്നിവയാണ് നിഖിലയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.