അതുപോലെ ഒരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. തുറന്നു പറഞ്ഞ് നേഹ റോസ്

മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന ചിത്രം പുറത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. നടി നേഹ റോസും ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് അവതരിപ്പിച്ചത്. നേഹ നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടി കഴിഞ്ഞ എട്ട് വർഷമായി മോഡലിംഗ് രംഗത്ത് വളരെ സജീവമാണ്. ഇപ്പോൾ നടി വൺ സിനിമയിലെ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് മറക്കാൻ കഴിയാത്ത ഒരനുഭവം പങ്കുവെയ്ക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് തനിക്കുണ്ടായ അനുഭവം നേഹ തുറന്ന് പറഞ്ഞത്. സലിം കുമാർ ചേട്ടനൊപ്പം വൺ എന്ന സിനിമയിൽ ഒരു സീൻ അഭിനയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. സിനിമയുടെ തുടക്കത്തിൽ തന്നെ സ്ക്രീനിൽ നിറഞ്ഞു നിൽക്കാനും സാധിച്ചു. ഇതുപോലെ ഒരു സംഭവം ഞാൻ മുൻപ് പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ ആയിരുന്നപ്പോൾ ഫെയ്സ് ചെയ്തതാണ്. ഞാൻ മാത്രമായിരിക്കില്ല നിങ്ങളോരോരുത്തരും ഫെയ്സ് ചെയ്തതാണ് എന്ന് എനിക്കുറപ്പുണ്ട്.

പരസ്യ ഷൂട്ട് കഴിഞ്ഞു അന്ന് തിരിച്ചെത്തിയപ്പോൾ താമസിച്ചിരുന്നു. നല്ല മഴയും കാറ്റും ഉണ്ടായിരുന്നു. റൂം എത്തിയിട്ട് ഫുഡ് ഓർഡർ ചെയ്യാം എന്ന് കരുതി. അന്ന് ഊബർ ഈറ്റ്‌സ് ആയിരുന്നു ശരണം. ഓർഡർ ചെയ്തു കാത്തിരുന്നു. ഡെലിവറി ഏജന്റിനെ വിളിക്കുമ്പോൾ ഇപ്പൊ എത്താം, റോഡിൽ ട്രാഫിക് ആണ്, വെള്ളമാണ് എന്ന മറുപടിയും. ഒരുപാട് സമയം കാത്തിരുന്നു. അന്ന് ഒന്നരമണിക്കൂറിൽ കൂടുതൽ എടുത്തു ഭക്ഷണം എത്താൻ. എന്താ ചേട്ടാ ലേറ്റ് ആയത് എന്ന് ചോദിച്ചു. വെള്ളമാണ് ട്രാഫിക് ആണ് എന്നുള്ള മറുപടി വീണ്ടും ആവർത്തിച്ചു. ആ സെക്കൻഡിൽ എനിക്ക് ദേഷ്യവും വിശപ്പും ഒക്കെ സഹിക്കാനാവാതെ രണ്ട് പറയണമെന്ന് തന്നെ വിചാരിച്ചു. ഭക്ഷണം തന്നു കഴിഞ്ഞു ആ ചേട്ടന്റെ മുഖത്ത് നോക്കിയപ്പോൾ എന്തോ ഒന്നും പറയാൻ തോന്നിയില്ല. ആ ചേട്ടൻ എനിക്കുള്ള ഭക്ഷണം എത്തിച്ചത് എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് എന്നൊരു തോന്നൽ.

ഓൺലൈൻ ഭക്ഷണം ഡെലിവറി ചെയ്യുന്നവർ വെയിലത്തും മഴയത്തും കൂടി ബൈക്കിൽ ഒരുപാട് ദൂരം സഞ്ചരിച്ചാണ് നമുക്കുള്ള ഭക്ഷണം എത്തിക്കുന്നത്. ട്രാഫിക് പ്രശ്നങ്ങളും കാലാവസ്ഥ കാരണവും പലപ്പോഴും ഭക്ഷണം താമസിച്ചെത്താറുണ്ട്. നമ്മുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ ശരിയായിരിക്കാം. പക്ഷേ അപ്പോൾ നമ്മൾ ചിന്തിക്കേണ്ടത്, നമ്മുടെ വയർ നിറയ്ക്കാൻ വേണ്ടി ഉള്ള ഭക്ഷണം ആണ് ഇവർ കൊണ്ടുവരുന്നത് എന്ന കാര്യമാണ്. അവരുടെ ജോലിയാണ് ഇതെന്ന് പറഞ്ഞു വാദിക്കുന്നവർ ഉണ്ടാവും, എന്നാലും നമ്മൾ ഒന്ന് ചിന്തിക്കുക, നമ്മുടെ വയർ നിറയ്ക്കാനും നമ്മുടെ ഒരുനേരത്തെ വിശപ്പ് അകറ്റാനും അവർ കാരണമാണ്. ഇനിമുതൽ ഒന്ന് ശ്രദ്ധിക്കുക എന്നും താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

Related posts