മലയാളസിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം കൂടി. നടൻ നെടുമുടി വേണു അന്തരിച്ചു. നായകനും വില്ലനും ഹാസ്യനടനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയില്‍ തിളങ്ങിനിന്ന താരമായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാന്‍ നെടുമുടി വേണുവിനു കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറുവട്ടവും ലഭിച്ചു. അദ്ദേഹം നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറാന്‍ അദ്ദേഹത്തിന് കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. ദൂരദര്‍ശന്‍ പ്രതാപകാലത്ത് ടെലിവിഷന്‍ പരമ്പരകളിലും നെടുമുടി സജീവമായി. ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളാണ് നേടുമുടി.