കോവിഡിന്റെ രണ്ടാം തരംഗം നമ്മുടെ രാജ്യത്തെ ആകെ ബാധിച്ചിരിക്കുകയാണ്. രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിൻ ലഭ്യമായി തുടങ്ങിയിട്ടുണ്ട് എന്നുള്ളത് ആശ്വാസമേകുന്ന വാർത്തയാണ്. നിരവധി സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവർ വാക്സിൻ സ്വീകരിച്ച് തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. തെന്നിന്ത്യൻ താരസുന്ദരി നയൻതാരയും കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനും വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചതായി സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് വിഘ്‌നേശ് ശിവൻ.
ചെന്നൈയിലെ കുമരൻ ആശുപത്രിയിൽ എത്തിയാണ് ഇരുവരും വാക്സിൻ സ്വീകരിച്ചത്. ദയവായി എല്ലാവരും വാക്സിൻ എടുക്കമെന്നും സുരക്ഷിതരായി വീടുകളിലിരുന്ന് ജാഗ്രതയോടെ കൊറോണയ്‍ക്കെതിരെ പോരാടണമെന്നും വിഘ്നേശ് ശിവൻ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്.
നിഴൽ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലാണ് നയൻതാര ഒടുവിൽ അഭിനയിച്ചത്. രജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് നയൻതാരയുടെ വരാനിരിക്കുന്ന പുതിയ ചിത്രം. വിജയ് സേതുപതി, സമാന്ത, നയൻതാര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിഘ്നേശ് ശിവന്‍ ഒരുക്കുന്ന കാത്തു വാക്കുള രണ്ട് കാതൽ എന്ന സിനിമയുടെ ചിത്രീകരണവും കഴിഞ്ഞ മാസം ആരംഭിച്ചിട്ടുമുണ്ട്. അടുത്തിടെ രജിനികാന്ത്, രാധിക, സിംമ്രാൻ, കമൽഹാസൻ, ഹാരിസ് ജയരാജ്, സുഹാസിനി മണിരത്നം, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി തെന്നിന്ത്യൻ താരങ്ങള്‍ വാക്സിൻ സ്വീകരിച്ചിരുന്നു.