നവ്യാ നായർ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് ദിലീപിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ്. നവ്യ സിനിമയിലേക്ക് എത്തിയത് കലോൽസവ വേദിയിൽ നിന്നുമാണ്. താരം മികച്ച ഒരു നർത്തകി കൂടിയാണ്. നിരവധി സൂപ്പർഹിറ്റുകളിലൂടെ നവ്യാ നായർ പിന്നീട് മലയാള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന് മലയാളത്തിൽ ഒരുപാട് അവസരങ്ങളാണ് ലഭിച്ചത്. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷാ ചിത്രങ്ങളിലും താരം തിളങ്ങിയിരുന്നു.
താരം വിവാഹിതയാവുന്നത് സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ്. സിനിമയിൽ നിന്നും വിവാഹശേഷം നവ്യാ നായർ ഒരു ബ്രേക്ക് എടുത്തിരുന്നു. എന്നാൽ ഇതിനിടെ ചില ടെലിവിഷൻ പരിപാടികളിലൂടെ താരം പ്രത്യക്ഷപ്പെട്ടിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ താരം ഒരിടവേളയ്ക്കു ശേഷം തിരികെ എത്തിയെങ്കിലും വീണ്ടും താരത്തെ സിനിമയിൽ കാണാതായിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരുത്തി എന്ന ചിത്രം പ്രദർശത്തിന് ഒരുങ്ങുകയാണ്. നായികാ പ്രാധാന്യമുള്ള ഈ ചിത്രം ഒരുക്കുന്നത് വികെ പ്രകാശാണ്. നവ്യാ നായർ സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്. താരം സോഷ്യൽ മീഡിയകളിലൂടെ നിരവധി ചിത്രങ്ങളും വീഡിയോകളും മറ്റു വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.
നവ്യ അടുത്തിടെ ഒരു ടോക് ഷോയിൽ പങ്കെടുത്തപ്പോൾ രസകരമായ ഒരു ടാസ്‌ക് താരത്തിനു വേണ്ടി അവതാരക ഒരുക്കിയിരുന്നു. നവ്യയ്ക്ക് കിട്ടിയ ടാസ്ക് തനിക്ക് ലഭിക്കുന്ന ഒരു നടിയെക്കുറിച്ച് തള്ളി മറിക്കുക എന്നതായിരുന്നു. തനിക്ക് മുന്നിൽ വന്ന രസകരമായ ഗെയിമിൽ യുവതാരം നമിത പ്രമോദിനെക്കുറിച്ചായിരുന്നു നവ്യ നായർ സംസാരിച്ചത്. നമിത പ്രമോദ് ഭയങ്കര സുന്ദരിയാണ്. നമിതയ്ക്കൊപ്പം അഭിനയിച്ചിട്ടില്ലാത്ത നടന്മാർ ഉണ്ടെങ്കിൽ അത് അവരുടെ നഷ്ടമാണ്. നമിത പ്രമോദ് മലയാള സിനിമയിൽ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലുമൊക്കെ ഉടനെ തന്നെ എത്തിപ്പെടാൻ സാധ്യതയുള്ള നടിയാണ്. നമിതയുടെ സൗന്ദര്യത്തിനു മുന്നിൽ എന്റെ സൗന്ദര്യം ഒന്നുമല്ല. അവരുടെ അഭിനയത്തിന് മുന്നിൽ എന്റെ അഭിനയം ഒന്നുമില്ല. നമിതയെ കണ്ടപ്പോൾ എനിക്ക് ജനിക്കണമെന്നേ തോന്നിയില്ലെന്നും പറഞ്ഞാണ് നവ്യാ നായർ ടാസ്ക് കമ്പ്ലീറ്റ് ചെയ്തത്.