ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍, പ്രിയദര്‍ശന്‍ എന്നിവർ സംവിധാനം ചെയ്യുന്ന ഒമ്പത് വ്യത്യസ്‌തകഥകൾ ചേരുന്ന ചിത്രമാണ് നവരസ. പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന തമിഴ് ആന്തോളജി ചിത്രം കൂടിയാണിത്. ചിത്രം ഓഗസ്റ്റ് 6നാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന ഭാഗത്തിലെ ഗാനമാണ് പുറത്തിറങ്ങിയത്.
പ്രയാഗ മാര്‍ട്ടിന്‍ നായികയായെത്തുന്ന ചിത്രം പ്രണയത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക് ആണ് തൂരിഗ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകളാണ് നവരസ. മണി രത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈ ആന്തോളജി ചിത്രം ഒരുങ്ങുന്നത്
കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ്. ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകും.
ചിത്രത്തില്‍ സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, ശരവണന്‍, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, സിംഹ തുടങ്ങിയവർ അണിനിരക്കുന്നുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് അഭിനേതാക്കളും അണിയറപ്രവർത്തകരും സൗജന്യമായാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.