അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിക്കുളള പുരസ്‌ക്കാരം നേടി അപർണ ബാലമുരളി. സുരറൈ പ്രോട്രു എന്ന ചിത്രത്തിൽ ബൊമ്മി എന്ന കഥാപാത്രമാണ് താരത്തെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്. മികച്ച നടനുളള പുരസ്‌ക്കാരം സൂര്യയും അജയ് ദേവ്ഗണും പങ്കിട്ടു. സുരറൈ പ്രോട്രു എന്ന ചിത്രത്തിലെ മാരൻ എന്ന കഥാപാത്രത്തിലൂടെ സൂര്യ പുരസ്‌ക്കാരം നേടിയപ്പോൾ താനാജിയാണ് അജയ് ദേവ്ഗണിനെ ദേശീയ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്. മികച്ച ചിത്രമായി ദാദാ ലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനായി ബിജു മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിനാണ് പുരസ്‌ക്കാരം. മികച്ച സംവിധായകനുളള പുരസ്‌ക്കാരം ഇതേ ചിത്രത്തിലൂടെ അന്തരിച്ച സംവിധായകൻ സച്ചിക്ക് ലഭിച്ചു. മികച്ച ഗായികയ്ക്കുളള പുരസ്‌ക്കാരം നഞ്ചിയമ്മ സ്വന്തമാക്കി. അയ്യപ്പനും കോശിയിലെ ‘കലക്കാത്ത’ എന്ന് തുടങ്ങുന്ന ഗാനമാണ് നഞ്ചിയമ്മയെ ദേശീയ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്.
മികച്ച സംഘട്ടത്തിന് സച്ചിയുടെ അയ്യപ്പനും കോശിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രമായി തിങ്കളാഴ്ച നിശ്ചയം തിരഞ്ഞെടുക്കപ്പെട്ടു. സെന്നെ ഹെഗ്ഡെ ആണ് സംവിധായകൻ. കാവ്യ പ്രകാശിന്റെ വാങ്കിന് പ്രത്യേക ജൂറി പരാമർശം. മികച്ച ശബ്ദലേഖനത്തിനുളള പുരസ്‌ക്കാരം മാലികിലൂടെ വിഷ്ണു ഗോപിക്ക് ലഭിച്ചു. കപ്പേളയിലൂടെ അനീസ് നാടോടിക്ക് മികച്ച കലാസംവിധാനത്തിനുളള പുരസ്‌ക്കാരം നേടാനായി. മികച്ച സഹനടി ലക്ഷ്മിപ്രിയ ചന്ദ്ര മൗലിയാണ്. ചിത്രം സിവരഞ്ജിനിയും ഇന്നും സില പെൺകളും. മികച്ച സംഗീത സംവിധായകനുളള പുരസ്‌ക്കാരം രണ്ട് പേർ പങ്കിട്ടു. അല വൈകുണ്ഡപുരം ലോ, സുരറൈ പ്രോട്ര് എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ എസ് തമൻ, ജിവി പ്രകാശ് എന്നിവർക്കാണ് പുരസ്‌ക്കാരം. ‘സിവരഞ്ജിനിയും ഇന്നും സില പെൺകളും’ എന്ന ചിത്രത്തിലൂടെ ശ്രീകർ പ്രസാദ് മികച്ച എഡിറ്റർക്കുളള ദേശീയ പുരസ്‌ക്കാരം നേടി. മികച്ച തിരക്കഥയ്ക്കുളള പുരസ്‌ക്കാരം തമിഴ് ചിത്രമായ ‘മണ്ഡേല’യ്ക്കാണ്.
മികച്ച നോൺ ഫീച്ചർ ചിത്രമായി ടെസ്റ്റിമണി ഓഫ് അനാർ തിരഞ്ഞെടുക്കപ്പെട്ടു. നോൺ ഫീച്ചർ വിഭാഗത്തിൽ ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് നിഖിൽ എസ് പ്രവീൺ പുരസ്‌ക്കാരം നേടി. മികച്ച സംഗീത സംവിധായകനായി വിശാൽ ഭരദ്വാജ് തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശ് ആണ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം. മികച്ച സിനിമാ ഗ്രന്ഥത്തിനുളള പുരസ്‌ക്കാരം മലയാളിയായ അനൂപ് രാമകൃഷ്ണനാണ്. ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന ഗ്രന്ഥത്തിനാണ് അവാർഡ്. 2020ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്‌ക്കാരങ്ങൾക്ക് പരിഗണിച്ചത്. കേരളത്തിൽ നിന്ന് സംവിധായകൻ വിജി തമ്പി, വിഷ്ണു മോഹൻ, തിരക്കഥാകൃത്തായ സജീവ് പാഴൂർ എന്നിവർ ദേശീയ പുരസ്‌ക്കാര ജൂറിയിലുണ്ടായിരുന്നു. വിപുൽ ഷാ ആണ് ജൂറി ചെയർമാൻ.