2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദേശീയ ചലച്ചിത്ര ജൂറി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത് ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായാണ്. മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടത്തിനാണ് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത്. ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരത്തിനർഹനായി. മികച്ച നടന്മാർക്കുള്ള പുരസ്കാരം മനോജ് ബാജ്പെയി, ധനുഷ് എന്നിവർ പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് കങ്കണ റണാവത്തിനാണ്.
റസൂൽപൂക്കുട്ടിക്ക് മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം ലഭിച്ചു. മികച്ച കോസ്റ്റ്യൂം ഡിസൈനറായി മരക്കാർ എന്ന ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച സുജിത്ത് ആൻഡ് സായി തിരഞ്ഞെടുക്കപ്പെട്ടു. ജല്ലിക്കെട്ടിന്റെ ചായഗ്രഹൻ ഗിരിഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിയത്. മികച്ച മേക്ക്അപ് ആർട്ടിസ്റ്റ് രഞ്ജിത് ( ചിത്രം- ഹെലൻ). മികച്ച വിഎഫ്എക്സിനുള്ള പുരസ്‌കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് വേണ്ടി സിദ്ധാർഥ് പ്രിയദർശൻ നേടി. സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രം ജൂറിയുടെ സ്പെഷൽ മെൻഷന് അർഹത നേടി.