കഴിഞ്ഞ ദിവസമാണ് ദേശീയ അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലേക്ക് നിരവധി അവാർഡുകളാണ് എത്തി ചേർന്നത്. അതിൽ മണ്മറഞ്ഞു പോയ സംവിധായകൻ സച്ചി ഒരുക്കിയ അയ്യപ്പനും കോശിയുമാണ് അവാർഡിൽ സിംഹഭാഗവും കരസ്ഥമാക്കിയിരിക്കുന്നത്. ചിത്രത്തിലെ ആലാപനത്തിനു മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മക്ക് ആണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്. താൻ നഞ്ചിയമ്മക്കൊപ്പമാണെന്നും അവർ ഹൃദയം കൊണ്ട് പാടിയത് മറ്റുള്ളവർക്ക് നൂറ് വർഷമെടുത്താലും പാടാൻ സാധിക്കില്ലെന്നും അൽഫോൺസ് പറഞ്ഞു.
നഞ്ചിയമ്മക്ക് പുരസ്കാരം നൽകിയതിനെ പരസ്യമായി വിമർശിച്ച സംഗീതജ്ഞൻ ലിനുലാലിന്റെ വീഡിയോക്ക് കമന്റായിട്ടായിരുന്നു അൽഫോൺസ് ഇക്കാര്യം പറഞ്ഞത്. ഞാൻ നഞ്ചിയമ്മയോടാപ്പമാണ്. നാഷണൽ അവാർഡ് ജൂറിയുടെ ഈ പ്രവർത്തിയിൽ ഞാനവരെ പിന്തുണയ്ക്കുകയാണ്. കാരണം സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വർഷങ്ങളെടുത്ത് പഠിച്ചാലും സാധിക്കില്ലെങ്കിൽ ഞാൻ പഠിക്കാൻ തയ്യാറല്ല. വർഷങ്ങളുടെ പരിശീലനമോ പഠനമോ അല്ല, മറിച്ച് നിങ്ങളുടെ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും മനസുകൊണ്ടും നിങ്ങൾ എന്താണ് നൽകിയത് എന്നതിൽ മാത്രമാണ് കാര്യം. ഇതാണ് എന്റെ കാഴ്ചപ്പാട് അൽഫോൺസ് കുറിച്ചു.
നേരത്തെ സംഗീതജ്ഞൻ ലിനുലാൽ നഞ്ചിയമ്മക്ക് പുരസ്കാരം നൽകിയതിനെതിരെ രംഗത്ത് വന്നിരുന്നു. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർക്ക് നഞ്ചിയമ്മക്ക് അവാർഡ് നൽകിയത് അപമാനമായി തോന്നിയെന്നായിരുന്നു ഇയാൾ പറഞ്ഞത്. മൂന്നും നാലും വയസ് മുതൽ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ട്. അവർ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തുപോകില്ല അങ്ങനെയൊക്കെയുള്ളവർ. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവർ. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോൾ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണൽ അവാർഡ് കൊടുക്കുക എന്നുപറഞ്ഞാൽ. പുതിയൊരു സോങ് കമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാൽ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ലിനുലാൽ പറഞ്ഞു. ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാൻ പറഞ്ഞാൽ പോലും സാധാരണ ഒരു ഗാനം പാടാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്. അതുപോലെ ചിത്ര ചേച്ചി. മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്നും ലിനു പറഞ്ഞു.