ക്യാൻസർ എന്ന മഹാമാരിയോട് കരൾ നുറുങ്ങുന്ന വേദനയിലും പോരടിക്കുകയാണ് നന്ദു മഹാദേവ. ആദ്യം കാലിനേയും ശ്വാസകോശത്തിലും വന്ന ക്യാൻസർ പിന്നീട് കരളിനെയും കവർന്നെടുത്തു കഴിഞ്ഞു . മരുന്നിനോ ചികിത്സക്കോ രക്ഷിക്കാൻ കഴിയില്ല എന്ന് വിധി എഴുതിയിട്ടും ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയാതെ ജ്വലിക്കണം എന്ന നന്ദുവിന്റെ അതിയായ ആഗ്രഹവും മനോബലവുമാണ് ഇതുവരെ നന്ദുവിനെ മരണത്തിലെക്കു പോകാതെ പിടിച്ചു നിർത്തിയത്. കാൻസർ നന്ദുവിനെ പിടികൂടുന്നത് ഇരുപത്തി നാലാമത്തെ വയസിൽ ആയിരുന്നു.തുടക്കത്തിലേ കാൽമുട്ടുവേദന ആയിരുന്നു. ഉളുക്കിയതാണ് എന്ന് കരുതി വിട്ടുകളഞ്ഞു .
എന്നാൽ അസഹനീയമായ വേദന ഉണ്ടായതോടെ ആണ് കൂടുതൽ വിശദമായി പരിശോധിക്കുന്നതും രോഗം കണ്ടെത്തുന്നതും. കാൽ മുറിച്ചു കളയുന്നതല്ലാതെ ജീവൻ നിലനിർത്താൻ മറ്റു മാർഗ്ഗങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു . എന്നാൽ ക്യാൻസർ ശ്വാസ കോശത്തിലേക്കു കയറി വീണ്ടും നന്ദുവിനെ തോൽപ്പിക്കാൻ നോക്കി. എന്നാൽ അതിനൊന്നും നന്ദുവിനെ കീഴടക്കാൻ ആയില്ല. അവസാനം കരളിലേക്ക് പടർന്നിരിക്കുകയാണ് ക്യാൻസർ. വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാൻ ഇല്ലാത്ത അവസ്ഥയിലും തന്റെ മനോബലം കൊണ്ട് ക്യാൻസറിനെ ചെറുക്കുകയാണ് ഈ ചെറുപ്പക്കാരൻ.
ക്യാൻസറിനെതിരായ ഈ പോരാട്ടത്തിൽ താങ്ങും തണലുമായി കൂടെ നിന്നത് നന്ദുവിന്റെ അമ്മയാണ്. അമ്മയെ കുറിച്ചുള്ള “കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ധീരയായ വനിത തന്റെ അമ്മയാണ് ” എന്ന് തുടങ്ങുന്ന നന്ദുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ആരുടേയും കണ്ണ് നിറയ്ക്കുന്നതാണ്. ക്യാന്സറിനെതിരെ ഉള്ള പോരാട്ടവും അതിൽ നേരിട്ട പ്രതിസന്ധികളും അവയെ എങ്ങനെ ആണ് തളരാതെ നേരിട്ടത് എന്നൊക്കെയാണ് പോസ്റ്റിന്റെ ഉള്ളടക്കം . പ്രതിസന്ധികളിൽ പോരാടുന്ന ആർക്കും പ്രചോദനം ആണ് നന്ദുവിന്റെ ഈ കുറിപ്പ്
നന്ദുവിന്റെ ഫേസ്ബുക് പോസ്റ്റിലെ പ്രസക്ത ഭാഗം,
എന്റെ ലോകത്തിൽ ഏറ്റവും ധീരയായ വനിത എന്റെ അമ്മയാണ് !!
എനിക്കൊരു മകനുണ്ടായിരുന്നെങ്കിൽ…!!!
അവന്റെ കാലിൽ ഒരു തൊട്ടാവാടി മുള്ള് കൊള്ളുന്നത് പോലും എന്നെ എന്തു മാത്രം വിഷമിപ്പിക്കും എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്…!
അപ്പോൾ എന്റെ അമ്മ എന്നെ ഓർത്ത് എത്രത്തോളം കരഞ്ഞിട്ടുണ്ടാകും…!!
സങ്കടപ്പെട്ടിട്ടുണ്ടാകും…!!
എന്നിട്ട് മുന്നിൽ വന്ന് ‘അമ്മ ചിരിച്ചു നിൽക്കുമ്പോൾ ഞാൻ അമ്മയുടെ മുന്നിൽ പലപ്പോഴും അലിഞ്ഞില്ലാതായിട്ടുണ്ട് !!
എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ അമ്മ പിടിച്ചു നിന്നു..
പക്ഷേ കാൽ നഷ്ടപ്പെടും എന്നറിഞ്ഞപ്പോൾ അത് താങ്ങാൻ ആ പെറ്റ മനസ്സിന് കഴിഞ്ഞില്ല !!
ആ കാര്യം അമ്മയെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചത് എത്ര കഷ്ടപ്പെട്ടാണ് എന്നെനിക്കറിയില്ല…!!
പലപ്പോഴും സങ്കടം സഹിക്കാൻ വയ്യാതെ ‘അമ്മ വിതുമ്പി കരയുമായിരുന്നു….!
അപ്പോഴൊക്കെ ഞാൻ മനസ്സിൽ ഓർക്കാറുണ്ടയിരുന്നു….
ഒരു പക്ഷേ ഞാൻ ഒറ്റയപകടത്തിൽ മരിച്ചിരുന്നുവെങ്കിൽ അമ്മയ്ക്ക്
ഇത്രേം സങ്കടം കൊടുക്കേണ്ടി
വരില്ലായിരുന്നു…
ദുരന്തങ്ങളുടെ പെരുമഴ പെയ്തിട്ടും എന്റെ അമ്മ തളർന്നില്ല !!
എന്റെ ഊർജ്ജം എന്റെ അമ്മയാണ് !!
ഇന്ന് അമ്മയ്ക്ക് സന്തോഷങ്ങൾ നൽകാൻ കഴിയുന്നതിൽ ഞാൻ
പൂർണ്ണമായും സന്തുഷ്ടനാണ്..!!