നമിത പ്രമോദ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരത്തിന്റെ കരിയറിന്റെ തുടക്കം ബാലതാരമായി സീരിയലുകളിലൂടെ ആയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന് പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറിയത്. നമിത പരമ്പരയിൽ മാതാവായാണ് എത്തിയത്. കൂടാതെ അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും നമിത വേഷമിട്ടിട്ടുണ്ട്.
നമിത ചലചിത്ര മേഖലയിലേക്ക് എത്തിയത് രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് താരം നായികയാവുന്നത് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോപോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങി നിരവധി ചിത്രങ്ങളിൽ നമിത ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. താരത്തിന്റെ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം അൽ മല്ലു ആയിരുന്നു. സിനിമയോടുള്ള തന്റെ സമീപന രീതിയെക്കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ നടി.
സിനിമ ചെയ്യുന്നത് തനിക്ക് തോന്നുമ്പോൾ മാത്രം ആണെന്നും ഇത്ര വർഷത്തിനിടയിൽ ഇത്ര സിനിമകൾ ചെയ്തു തീർക്കണം എന്ന തരത്തിലുള്ള നിർബന്ധം ഒന്നുമില്ലെന്നും നമിത വ്യക്തമാക്കി. സിനിമയെ സംബന്ധിച്ച് ഒന്നും മുൻകൂട്ടി തീരുമാനിചിട്ടല്ല ചെയ്യുന്നത്. തോന്നുമ്പോൾ മാത്രം സിനിമ ചെയ്യുന്നതാണ് എന്റെ രീതി. തന്റെ പക്കലേക്ക് ഓരോ തിരക്കഥയും വരുമ്പോൾ അതിലെ ഓരോ ഘടകങ്ങളും കൃത്യമായി നോക്കിയശേഷം പൂർണമായി തൃപ്തികരമാണെങ്കിൽ മാത്രമേ ചെയ്യൂ. പൂർണമായി തോന്നിയാൽ മാത്രമേ ഓക്കേ പറയാറുള്ളൂ. തിരക്കഥയിൽ ആകെ ഒരു സീൻ മാത്രമേ തനിക്ക് ഉള്ളൂ എങ്കിലും അത് സിനിമയിലെ പ്രധാന ഭാഗം ആണെങ്കിൽ തീർച്ചയായും ചെയ്യുമെന്നും നമിത പറഞ്ഞു.